റോഡിൽ പൊലിഞ്ഞവർ

ഓഫീസിലേക്കുള്ള രാവിലത്തെ ഒരുക്കങ്ങൾക്കിടയിൽ, രണ്ടുവയസ്സുകാരിയായ മോൾ തന്നേക്കാൾ വലിയ ഹെൽമെറ്റുമായി 
അരികിലേക്ക് വന്നു.
"അച്ചെ, അച്ഛന് വേണ്ടി നാൻ എടുത്തോണ്ടുവന്നതാ.!"
തേനൊലിപ്പിച്ചുകൊണ്ടവൾ പറഞ്ഞപ്പോൾ, എന്തോ ഹൃദയത്തിൽ കൊളുത്തിവലിച്ചിരുന്നു.

വാരിയെടുത്ത്‌ മുഖംനിറയെ ഉമ്മകൊടുത്തപ്പോൾ, അവൾ കുലുങ്ങികുലുങ്ങി ചിരിക്കുന്നുണ്ടായിരുന്നു.
നേരമൊട്ടും കളയാനില്ല, ഇന്നത്രയ്ക്കും വൈകിയിട്ടുണ്ട്.
വാതംപിടിച്ച് കിടപ്പിലായ അമ്മയ്ക്ക് കഞ്ഞികൊടുക്കുന്ന ഭാര്യയോട്, യാത്രപറഞ്ഞ് മുറ്റത്തേക്കിറങ്ങി.

ഇനിയും നേരം വൈകിവന്നാൽ, ജോലിന്ന് പിരിച്ചുവിടുമെന്നാണ് മാനേജർ പറഞ്ഞിരിക്കുന്നത്.
ദീനം വന്ന് കിടപ്പിലായ അമ്മയ്ക്ക്‌ മരുന്നിനും, കിടപ്പാടത്തിനുള്ള വാടകയ്ക്കും, അലറചില്ലറ വട്ടച്ചിലവിനും ഈ ജോലി അത്യാവശ്യമാണ്.

ഹെൽമെറ്റ്‌ ബൈക്കിന്റെ ഹാൻഡിലിൽവെച്ച് സ്റ്റാർട്ട്‌ ചെയ്തതും മോള് ഓടിവന്നു.
"അച്ചേ, ഇത് തലേല് വയ്ക്ക്.
ഇത് വെച്ചാ അച്ചേനെ കാണാൻ നല്ല ചേലാ.!!"
"ഇപ്പൊ നേരല്ലെടാ മോളെ, അച്ഛൻ വേഗം പോയി വരാട്ടോ."
ചുണ്ട് കൂർപ്പിച്ചു നോക്കുന്നവളെ നോക്കി, ചിരിച്ചുകൊണ്ട് ബൈക്ക് മുന്നോട്ടെടുത്തു.

റോഡ് നിറയെ വാഹനങ്ങളാണ്. തിരക്കിനിടയിലൂടെ,വളച്ചും ഒടിച്ചും അൽപ്പം മുന്നിലെത്തി.

പത്തു മണിക്ക് ഓഫീസിലെത്താനുള്ള തത്രപ്പാടിനിടയിൽ, ശ്രദ്ധ എവിടെയോ ഒന്ന് പാളി. എതിരെ വരുന്ന ബസിന്റെ ഒരു വശത്തേക്കിടിച്ചതേ ഓർമ്മയുള്ളൂ.
അതോടെ ,ബൈക്ക് തെന്നി പിന്നിലേക്ക് തെറിച്ചു.
പുറകിലെ ലോറിക്കടിയിലേക്കാണ് പോകുന്നതെന്നറിഞ്ഞപ്പോൾ, നെഞ്ചോന്ന് കാളി.
മരണത്തിനെ മുഖാമുഖം കാണുന്നതെത്ര ഭീകരമായ അവസ്ഥയാണെന്ന് തിരിച്ചറിയുകയിരുന്നു.

തെറിച്ച് വീണപ്പോൾ, തല
ശക്തമായി റോഡിൽ ഇടിച്ചു.
വേഗം കുറയാതെ ഓടിയടുക്കുന്ന ലോറിയുടെ ചക്രങ്ങൾ മരണം കാണിച്ചുതരുന്നുണ്ടായിരുന്നു. ടയറുകൾ കാലുകളിൽ ഞെരിഞ്ഞിറങ്ങിയപ്പോൾ,
ഓർമ്മകൾ തലച്ചോറിൽ തുളച്ചെത്തുന്നുണ്ടായിരുന്നു.

താനില്ലാതാവുമ്പോൾ, ആശ്രയമില്ലാതെ തെരുവിലേക്കിറങ്ങേണ്ടിവരുന്ന കുടുംബം,
ചിരിമാഞ്ഞ് പോയ തന്റെ കുഞ്ഞ് പൈതൽ,
രോഗതുരയായ അമ്മ,...
അങ്ങനെ പല പല ചിത്രങ്ങൾ....!!

വായിൽനിന്നും മൂക്കിൽ നിന്നും രക്തം പടർന്നിറങ്ങുമ്പോൾ, രാവിലെ ഹെൽമെറ്റുമായി ഓടിവന്ന മകളാണ് മുന്നിൽ തെളിഞ്ഞത്.
വേദനയിൽ പുളയുമ്പോഴും,
ചുറ്റും ഓടികൂടുന്ന ആളുകൾക്കിടയിൽ തന്റെ പ്രിയപ്പെട്ടവരോട് മാപ്പുചോദിക്കുകയിരുന്നു.

ജീവനറ്റ്പോകാൻ നിമിഷങ്ങൾ ബാക്കിയുള്ളപ്പോൾ, മനസ്സിന്റെ വേദന ശരീരത്തിന്റെ വേദനയെ കീഴ്പ്പെടുത്തുന്നുണ്ടായിരുന്നു.

തിരിച്ചെടുക്കാൻ കഴിയാത്ത നിമിഷങ്ങൾ വലിയ വേദനയുണ്ടാക്കി.
ശ്വാസം കിട്ടാതെ വന്നപ്പോൾ, കണ്ണിൽ ഇരുട്ടുകയറിയിരുന്നു. ഇനിയൊരിക്കലും തിരിച്ചുകിട്ടാത്ത ജീവിതത്തിന്റെ ഏടുകളിൽ വേദന മാത്രം ബാക്കിവെച്ചുകൊണ്ട് ആത്മാവ് ശരീരം വെടിയുകയായിരുന്നു.

Comments