കള്ളിമുൾ ചെടി പൂക്കുന്നു



ഭാഗം 2

കടുത്ത വേനലിൽ കൊടും മരുഭൂമിയിൽ കള്ളിമുൾ ചെടി മനോഹരമായി പൂത്തു നിൽക്കുന്നത് നീ കണ്ടിട്ടുണ്ടോ... ഒരു പക്ഷേ നിന്റെ ഭാവനകളിൽ പോലും അങ്ങനെ ഒന്ന് ഇത് വരെ ഉണ്ടായിക്കാണില്ല... എന്നാൽ ഞാനാണിപ്പോൾ ആ പൂന്തോട്ടം... !!!

എന്ത് എഴുതണം, എന്ത് പറയണം, എന്ത് വിളിക്കണം എങ്ങനെ തുടങ്ങണം എന്നൊന്നും അറിയില്ല. പക്ഷെ എഴുതാതെ വയ്യ. 
         
           അജൂ... 
                      ആ കുട്ടി ഇതെന്റെ കയ്യിൽ തന്നപ്പോൾ ഞാൻ ശരിക്കും അന്താളിച്ചു പോയി. വല്ലാത്തൊരു ആകാംഷയായിരുന്നു. ഒരു കവർ, അതിലെന്തോ ആസാധാരണത്വം പ്രതിഫലിച്ചിരുന്നു. അവിടെ നിന്ന് തന്നെ ഞാൻ അത് പൊട്ടിച്ചു.നാലായി കീറപ്പെട്ട കടലാസ്.... !! ആദ്യ വരി വായിച്ചു.. ഭൂമി തല കീഴായി മറിയുന്ന പോലെ, തല കറങ്ങുന്ന പോലെ, കൈ കാലുകൾ വിറക്കുന്നു. അനങ്ങാൻ പറ്റുന്നില്ല. കുറച്ച് നേരത്തേക്ക് ഞാൻ.... ഞാൻ ഈ ഭൂമിയിൽ അല്ലായിരുന്നു. ഹൃദയമിടിപ്പിന്റെ തോത് വല്ലാതെ കൂടി വരുന്നു. മിടിച്ചു മിടിച്ചു പൊട്ടിപോകുമെന്ന അവസ്ഥ. പിന്നെ അതിലേക്കൊന്ന് നോക്കുവാൻ പോലും കഴിയുന്നില്ലായിരുന്നു എനിക്ക്.
ദൈവങ്ങളേ... ഒരുപാട് കാലം പ്രാണനായിരുന്ന, ജീവനായിരുന്ന, ശ്വാസമായിരുന്ന അക്ഷരങ്ങൾ വീണ്ടും എന്റെ കണ്മുന്നിൽ. 
                    പിന്നെ ഒരുപാട് ചോദ്യങ്ങളായിരുന്നു. എങ്ങനെ.......??? വീണ്ടും കാലങ്ങൾക്കിപ്പുറം പെട്ടെന്നൊരു..... !!വർഷം എത്രയായെന്നാ വിചാരം..? 
അറിയില്ല എന്റെ അപ്പോഴത്തെ അവസ്ഥ എങ്ങനെ പറഞ്ഞു തരണം എന്ന്. എന്താണ് ചെയ്യേണ്ടത് എന്നറിയാതെ ഒരുപാട് നേരം അതും നോക്കി ഞാൻ ഇരുന്നു. കണ്ണുകൾ അറിയാതെ നിറയുന്നു. ചുണ്ടുകളിൽ ഞാൻ അറിയാതെ ചിരി പടരുന്നു. ഉള്ളിൽ എല്ലാം കിടന്ന് മറിയുന്നു. മനസ്സ് കടലുപോലെയാണെന്ന് നീ പറഞ്ഞതെത്ര ശരിയാണെന്ന് ഞാൻ ശരിക്കും അറിഞ്ഞു. പക്ഷെ എപ്പോൾ നിറയുമ്പോഴും വല്ലാത്ത ഉപ്പുരസമാണ്. 
                   ടാ.. മനുഷ്യന് മനസ്സിലാകുന്ന ഭാഷയിൽ വല്ലതും എഴുതിക്കൂടാർന്നോ അതിൽ. ഞാനെങ്ങനെയാ വായിച്ചു തീർത്തതെന്ന് എനിക്കും ദൈവത്തിനുമേ അറിയൂ. ഒരുപക്ഷെ നീ പറഞ്ഞ പോലെ എനിക്കത് കിട്ടിയില്ലായിരുന്നുവെങ്കിൽ ജീവിതത്തിലെ മറ്റൊരു തീരാനഷ്ടത്തിനു കൂടി ഈ ജന്മം സാക്ഷിയായേനെ... 

അല്ലാ.. ഇതെന്താണ്..??  എന്താ മോന്റെ ഉദ്ദേശം...? എന്താണിപ്പോ ഇങ്ങനൊരു കത്ത്. !!എങ്ങിനെ ഞാനിവിടെയാണെന്നറിഞ്ഞു..എന്റെ വീടെങ്ങനെ മനസ്സിലായി..  എന്നെ നീ അന്ന്വേഷിച്ചിരുന്നോ..?  ഇവിടെ ഞങ്ങൾ വന്നിട്ടതികമായില്ലല്ലോ..? എന്തൊക്കെയാണ് ഞാൻ ചോദിക്കേണ്ടത്.. ഒരു എത്തും പിടിയും കിട്ടുന്നില്ല. എവിടെ നിന്നാണിപ്പോൾ ഈ കുസൃതി....?? 

നിന്നെ ഓർക്കാതെ ഒരു ദിവസം നാളിതുവരെ കടന്നു പോയിട്ടില്ല. ശപിക്കപ്പെട്ടവളാണ് ഞാൻ... വിധി ഒന്നിന് പുറകെ ഒന്നായി എന്നെ വേട്ടയാടുകയായിരുന്നു. ഞാനിപ്പോൾ ഭാര്യയാണ്,  ഒരമ്മയാണ്. മനസ്സ് കൊണ്ടിപ്പോഴും ഒറ്റക്കാണെങ്കിലും കാലവും ശരീരവും എല്ലാം മാറ്റിയെഴുതി. 

അല്ലാ.... നിന്റെ കല്യാണം കഴിഞ്ഞിട്ടെത്രയായി..??  എത്ര കുട്ടികളാ.. നിന്നെപ്പോലെ അരപ്പിരിയാണോ.. പൊണ്ടാട്ടി എങ്ങനെയാ.. നിന്റെ വട്ടിനൊക്കെ ഒക്കുമോ...? 

          മരുഭൂമിയിലെ വാടികരിഞ്ഞ ചെടിക്കാണ് നീയിപ്പോൾ ഓർമകളുടെ കുളിരുള്ള വെള്ളം  തേവിയിരിക്കുന്നത്. നിന്റെ ഹംസം നാളെ വന്ന് കാത്തിരിക്കുമായിരിക്കും അല്ലേ...??? 

പിന്നെ... നിന്റെ കടിച്ചാൽ പൊട്ടാത്ത സാഹിത്യം ദാഹിക്കുന്ന പഴയ പെണ്ണല്ല ഞാനിപ്പോൾ. മനസ്സിലാകുന്ന ഭാഷയിൽ എഴുതാമെങ്കിൽ മറുപടി എഴുത്. 
              എനിക്കിപ്പോഴും വിശ്വസിക്കാനാവുന്നില്ല എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന്.. നീണ്ട 12 വർഷം ഓർമകളുടെ ഓളങ്ങളല്ലാതെ ഒരു വിവരവുമില്ലാതെ ഇപ്പോൾ ഇതാ ഒരു കത്ത്. വീണ്ടും നാലായി കീറപ്പെട്ടത്. 
അവസാനം നീ തന്നത് അങ്ങനെ ഒന്നായിരുന്നു. ഓർക്കുന്നുണ്ടോ നീയ്യ്. നാലായി മുറിക്കുന്ന ശീലമായത് ഭാഗ്യം. അല്ലേൽ...
  
ഇതെത്രയാ ഞാൻ എഴുതിയിരിക്കുന്നത്...!!ഇത്രേം വലിയ ഒന്ന് ആദ്യായിട്ടാവും ഞാൻ നിനക്കെഴുതുന്നത്.. 
ന്റെ കൃഷ്ണാ ....... ഇതെങ്ങോട്ടുള്ള പോക്കാണ്....?? 
നിർത്തട്ടെ.. 
                                                          എന്ന് 
                                                          ഞാൻ 

തുടരും.. 
 

Comments

Popular posts from this blog

ചിതറാത്ത കണ്ണാടികൾ

ഇവിടെ തുടങ്ങുന്നു

എന്റെ തോന്നലോ