കള്ളിമുൾ ചെടി പൂക്കുന്നു


ഭാഗം 5

എനിക്കേറ്റവും പ്രിയപ്പെട്ട നിനക്ക്, 

പ്രിയേ, 
      ഒരു വരിയും നിന്നെക്കുറിച്ചു എഴുതാറില്ല ഞാൻ, പക്ഷെ നീ ഇല്ലാതെ ഒരു കവിതയും അവസാനിച്ചിട്ടില്ല. ഒരിക്കലും നീ മറുപടി എഴുതും എന്ന പ്രതീക്ഷയിൽ ആയിരുന്നില്ല ഞാൻ അത് എഴുതിയത്. അവിചാരിതമായി നിന്നെ കണ്ടപ്പോൾ,  നാളിതുവരെ സ്വരുക്കൂട്ടി വെച്ച ഒമാനിച്ചിരുന്ന ഓർമകളെല്ലാം വട്ടം കൂടി ആക്രമിച്ചപ്പോൾ നിവൃത്തികേട്‌ കൊണ്ട് എഴുതിയതാണ്.
        പെയ്യുമ്പോഴല്ല പെയ്തു തോരുമ്പോഴാണ് മഴ നന്നായി പാടുന്നത്. ഏകാന്തതയുടെ ഇരുളിൽ ജീവിതം പോലും എതിരെ നിന്ന് കൊഞ്ഞനം കുത്തുമ്പോൾ ചിന്തകളുടെ തീരത്ത് പൂത്തുനിൽക്കുന്ന ഒരാളുടെ വെളിച്ചം എല്ലാതെ മറ്റെന്താണ് നമ്മെ മുന്നോട്ട്  നയിക്കുന്നത്. ഓർമ്മകളുടെ ചൂതാട്ട കളമാണ് ജീവിതം. അതിൽ മറവികൾ നിഷ്ക്കരുണം മരിച്ചു പോകുന്നു. തോറ്റു പോകുന്നു..!!!
     
         നീയെന്ന തീരത്തായിരുന്നു എന്റെ വരികളെല്ലാം നങ്കൂരമിടാറ്  വരികളിൽ പ്രണയം അറിയാതെ കടന്നുവരും. പിന്നെ പ്രധാന വേഷമണിയും. അപ്പോഴെല്ലാം നിന്നോർമകളെ ഞാൻ ഗാഢമായി പുണരാറുണ്ട്
ഒരുപാട് തവണ വായിച്ചു ഞാനത്. ലോകത്ത് ഇത്രയേറെ സന്തോഷിച്ച വൻ വേറെ ഉണ്ടാകില്ല. പറഞ്ഞറിയിക്കാൻ പറ്റാത്ത വിധം സന്തോഷവാനാണ് ഞാൻ. അഗാധമായ ശൂന്യതയിൽ ആയിരുന്നു ഞാൻ. അവിടെ ഇപ്പോൾ വെളിച്ചം കടന്നു വരുന്നുണ്ട്. സുഖമുള്ള കാറ്റ് വീശുന്നുണ്ട്. വസന്തം പൂത്തു നിൽക്കുന്നുണ്ട്. ഇരുളായും പാഴായും കടന്നിരുന്ന മനസ്സിപ്പോൾ പ്രകാശപൂർണ്ണം...!!!
        
             നീ പോയതിൽ പിന്നെ ഒരാളും ജീവിതത്തിലേക്ക് കടന്നു വന്നിട്ടില്ല. തകർന്നുകിടക്കുന്ന ഹൃദയം തട്ടി ഇനി ആർക്കും മുറിവേൽകേണ്ടാന്നു കരുതി മനപ്പൂർവ്വം വാതിലുകൾ അടച്ചിട്ടത് തന്നെയാണ്. നിന്റെ ഓർമ്മകളിൽ ഞാൻ ഇപ്പോഴും ജീവിക്കുന്നു എങ്കിൽ അതിൽ പരം മറ്റാർക്കാണ് എന്നെ സഹിക്കാനാവുക.ആരു വന്നാലും ഞാൻ അവരിലൊക്കെ തിരയുന്നത് നിന്നെയാവും. ഒരാളിൽ കുരുങ്ങിപ്പോയാൽ പിന്നെ മറ്റൊരാളെ ആ സ്ഥാനത് പ്രതിഷ്ഠിക്കുക എന്നത്....... അത് നിരര്ഥകമാണ്.ഒരാൾക്ക് പകരമാവാൻ മറ്റാർക്കും സാധിക്കില്ല. 
         
          കെട്ടും തോറും  അയകി പോകുന്ന ഒരു പ്രത്യേക ജീവിതമാണ് എന്റെത്. എത്ര കൂട്ടി കെട്ടിയാലും ശരിയാകുന്നില്ല... വേറൊരാൾക്കും ശരിയാക്കാനും  സാധിക്കുന്നില്ല...

( എഴുതിക്കൊണ്ടിരുന്ന പേന കയ്യിൽ നിന്നും നിലത്ത് വീണു. ചാരുകസേരയിൽ ചാരിയിരുന്നു വീണ്ടും ചിന്തകളിലേക്ക്......
 മനുഷ്യർ ഉറങ്ങിക്കിടക്കുമ്പോൾ ഈ രാത്രിക്ക് എന്തിനാണ് ഇത്ര ഭംഗി..? ഈ ഭംഗിയുള്ള രാത്രിയിൽ എന്റെ അവസ്ഥയെന്താണ്..? എത്ര പെട്ടെന്നാണ് ഒരാളിൽ നിന്ന് ഒരു മനുഷ്യൻ ഇറങ്ങിപ്പോകുന്നത്. അവിടെ ചെകുത്താൻ കയറിവന്നു നൃത്തം ചെയ്യുന്നത്. വിഷവും അമൃതും  സമം ചേർത്ത് സൃഷ്ടിക്കപ്പെട്ട ഒരു പ്രത്യേക ജീവിയാണ് മനുഷ്യൻ. മനുഷ്യൻ തിന്മ ചെയ്യുന്നുണ്ടെങ്കിൽ അതിലൊരു പങ്ക് ദൈവത്തിന്റെത്  കൂടിയല്ലേ..
        
          ശരിയാണ് ഒരാൾക്ക് എപ്പോഴും ഒരാൾ ആയിരിക്കാൻ സാധ്യമല്ല. ഒക്കെ മനുഷ്യാത്മാവിന്റെ  കുരിശു മരണങ്ങളാണ്. ആരുടെയെങ്കിലും മുന്നിൽ ചെന്ന് ഇതൊക്കെ ഒന്ന് പറയാൻ,  ഈ വൈകാരിക പ്രക്ഷോഭങ്ങളെ ഒക്കെ ഒന്ന് ഇറക്കിവയ്ക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ അല്ലേ.. ആർക്കാണിതിന് ക്ഷമയും ഉണ്ടാക്കുക.

         മനുഷ്യനൊരു മഹാ നിഗൂഢതയാണ്. ആ രഹസ്യം അന്വേഷിച്ചു പോകുമ്പോൾ ഞാൻ എത്തിച്ചേരുന്നത് പാപത്തിന് ഇരുണ്ട ഇടനാഴിയിലും നന്മയുടെ തരിശുനിലങ്ങളിലും  ക്രൂരതയുടെ  വിളനിലങ്ങളിലുമൊക്കെയാണ്. പക്ഷെ ഞാനിതൊക്കെ കണ്ടത് മനുഷ്യന്റെ മനസ്സിലാണ്. 
 അപ്പോൾ സ്നേഹമെവിടെയാണ് സ്നേഹമെന്താണ്. 

             സ്നേഹമെന്നാൽ മനസ്സിനെയും ശരീരത്തെയും ആനന്ദം ഉത്സവം. പക്ഷേ സ്നേഹത്തിന് ഒരു സ്വാർത്ഥതയുണ്ട് താൻ സ്നേഹിച്ചതിനെ തനിക്ക് തന്നെ വേണം... മുഴുവനായിട്ട്.

 വല്ലാത്തൊരു മനുഷ്യൻ. നിമിഷനേരങ്ങൾ കൊണ്ട് ഇത്രയധികം വൈകാരിക വൈവിധ്യങ്ങൾ മാറിമറയുന്ന മറ്റൊരു മനുഷ്യൻ വേറെയില്ല.)

Comments

Popular posts from this blog

ചിതറാത്ത കണ്ണാടികൾ

ഇവിടെ തുടങ്ങുന്നു

എന്റെ തോന്നലോ