കള്ളിമുൾ ചെടി പൂക്കുന്നു


ഭാഗം 6

പ്രാണികൾ കത്തിച്ചു വെച്ച മെഴുകുതിരി വെട്ടത്തിന്റെ ചുറ്റും വട്ടമിട്ടു പറക്കുന്നു. ഖോര വനങ്ങളിലേക്ക് ചിന്തകൾ തൊട്ട് വേട്ടക്ക് പോയ അയാൾ തിരിച്ചു വന്നിരിക്കുന്നു. വീണ്ടും പേന എടുക്കുന്നു. 

               വേനലിൽ ഒളിച് കളഞ്ഞ രണ്ടിനം മഴത്തുള്ളിയായിരിക്കണം നീയും ഞാനും. ഓർമ്മകൾ..... ഓർമകളുടെ വേട്ടയാടലിൽ നിന്ന് രക്ഷ നേടാനാവുമെങ്കിൽ മനുഷ്യന് എങ്ങനെയും ജീവിക്കാം, ചിരിക്കാം കരയാം. അറുതിയില്ലാത്ത ഏകന്തതയിൽ, പർവ്വതങ്ങളിൽ, സമുദ്രങ്ങളുടെ പരപ്പിൽ കാലൂന്നി നിൽക്കാൻ മാത്രം 
സ്ഥലമുള്ളിടത് വർഷങ്ങളോളം, അനന്തകാലത്തോളം മരിച്ചു പോകാതിരുന്നാൽ മതി. 
          
   രാത്രി വല്ലാത്ത സൗന്ദര്യവതിയായിരിക്കുന്നു. നേർത്ത മഞ്ഞുകണങ്ങളിൽ തട്ടി കുളിരുള്ള തെന്നൽ അന്തരീക്ഷത്തെ തണുപ്പിക്കുന്നുണ്ട്. ഹൃദയാന്തരങ്ങളിൽ നിന്നും കൊഴിഞ്ഞു  വീണ വസന്തത്തിന്റെ നിറമുള്ള സുഗന്ധമുള്ള പൂക്കളെ അയാൾ വീണ്ടും പെറുക്കിയെടുക്കുന്നു. 

                ഹൃദയം പ്രേമസുരഭിലവും യൗവന തീക്ഷ്ണവുമായ ഈ അസുലഭ നിമിഷത്തിൽ..... ഓർക്കുന്നുണ്ടോ നീ ഇത്. പണ്ട് ബഷീറിന്റെ പ്രേമലേഖനം വാക മര ചുവട്ടിലിരുന്ന് ഒരോറ്റ ഇരിപ്പിന് നമ്മൾ വായിച്ചു തീർത്തത്. പുസ്തകം നിനക്ക് വേണമെന്ന് പറഞ്ഞു തല്ലുകൂടിയത്. അവസാനം ഒരു ചുംബനം തന്നാൽ തരാമെന്ന് പറഞ്ഞപ്പോൾ തട്ടി പറിച്ചു മാറിൽ ഒളിപ്പിച്ചത്. ഇരുപതിലധികം തവണ നീ അത് വായിച്ചു കാണും. അതിൽ പിന്നെയാണ് നമ്മൾ കത്തുകളിലൂടെ ജീവിച്ചത്. 

               വീടോ....? നിന്റെ വീട്ടിൽ നിന്നിറങ്ങി 134 അടി. അവിടെ നിന്ന് വലത്തോട്ട് 16 അടി വീണ്ടും വലത്ത്  ശേഷം കാണുന്ന  വൺ, ടൂ, ത്രീ  തേർഡാമത്തെ ബംഗ്ലാവ് ആണ് ഈയുള്ളവന്റെ കുടിൽ. 4 വർഷമാവുന്നു ഇവിടെ വന്നിട്ട്. നീ പറഞ്ഞ എന്റെ ഹംസമില്ലേ. എന്റെ അടിമയാണ്. ആരോരുമില്ലാതെ ഭക്ഷണത്തിനലഞ്ഞു നടന്ന് എന്റെ മുന്നിൽ കൈ നീട്ടി. എന്റെ കയ്യിലുണ്ടോ വല്ലതും. പോരേ എന്ന് പറഞ്ഞു. ഇപ്പോൾ അവനെന്റെ വരുമാനം.അക്ഷരങ്ങൾക്കൊക്കെ ഭയങ്കര മടിയാണ് പുറത്ത് ചാടാൻ. എത്ര ശ്രമിച്ചാലും ഒന്നും തീർക്കാൻ കഴിയുന്നില്ല.

       ഞാൻ കണ്ടതിൽ വെച്ചു  എന്റെ അമ്മ കഴിഞ്ഞാൽ  ഏറ്റവും ഉത്തമയായ സ്ത്രീയാണ് നീ. ദാരിദ്ര്യവും പ്രാരാബ്ധത്തിന്റെയും തീച്ചൂളയിലൂടെയാണ് നടക്കുന്നതെന്നറിഞ്ഞിട്ടും കൂടെ നിൽക്കാൻ, കൂട്ടുകൂടാൻ അവസാനം പ്രാണനായി കൊണ്ടുനടക്കാൻ ധൈര്യം കാണിച്ചവളാണ് നീ. കുറേ നിലപാടുകളും അത് പറയാനൊരു നാക്കും പേനയുമല്ലാതെ ഒന്നുമില്ല അന്നും ഇന്നും എനിക്ക്. എന്നിട്ടും എത്രയാണ് നീ സഹിച്ചത്. സമൂഹം മുഴുവൻ പരാജിതൻ എന്ന് മുദ്രകുത്തിയപ്പോൾ നെറ്റിയിൽ നീ ചുംബിച്ചു വിജയി എന്ന് ഉറക്കെ വിളിച്ചു പറയാൻ പോരാടാൻ പഠിപ്പിച്ചവൾ. 
              ഉച്ചനേരത്ത് പൊതിഞ്ഞ ഭക്ഷണപൊതിയുമായി നീ വരുമ്പോൾ, എത്രയൊക്കെ ഒഴിഞ്ഞു മാറാൻ ശ്രമിച്ചിട്ടും കഴിച്ചേ നീ കണ്ണെടുത്തിരുന്നൊള്ളു. 

            പ്രിയേ.... 
                       വരൂ നമുക്കൊരിക്കൽകൂടി ഓർമകളുടെ തീരത്ത് കൈകോർത്തു നടക്കാം. വെറുതെ വേണ്ട, എന്റെ അടിമയുണ്ടല്ലോ... കൂലി തരാം. 
             നിന്റെ കൂട്ടിലകപ്പെട്ട പക്ഷിയാണ് ഞാൻ. ഇനി മറ്റൊരു കൂട്ടിലേക്ക് ചേക്കേറാൻ കഴിയാത്ത വിധം കുരുങ്ങി പോയ പക്ഷി.   എന്നിട്ടും.... !!!

മസ്തിഷ്കത്തിന്റെ മടക്കുകളിൽ നിന്നും നീറ്റൽ പോലെ ന്തോ പുറപ്പെടുന്നു.ഹൃദയത്തിലെ മുറിവുകൾ പൊട്ടിയൊലിച്ചു തുടങ്ങി...

Comments

Popular posts from this blog

ചിതറാത്ത കണ്ണാടികൾ

ഇവിടെ തുടങ്ങുന്നു

എന്റെ തോന്നലോ