അനു
"കാർത്തിക് ........ "
മാളിലൂടെ അലസമായി നടക്കുമ്പോഴാണ് വളരെ കേട്ടുപരിചയമുള്ള ഒരു ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയത്. തിരിഞ്ഞ് നോക്കിയപ്പോൾ കണ്ട കാഴ്ച കണ്ണിന് തന്നെ വിശ്വസിക്കാൻ പറ്റിയില്ല.
അനു,... അവളായിരുന്നു ആ ശബ്ദത്തിന്റെ ഉടമ. താനേറ്റവും കൂടുതൽ ഇഷ്ടപ്പെട്ടിരുന്ന മുഖം. നാലഞ്ചു വയസ്സ് തോന്നിക്കുന്ന ഒരു കുട്ടിയും കൂടെ .
ഇത്രയും നാൾ താൻ ആരെ കാണാൻ ആഗ്രഹിച്ചുവോ അയാൾ തന്നെ കണ്മുൻപിൽ വന്നു നിന്നപ്പോൾ രണ്ട് നിമിഷത്തേയ്ക്ക് ഹ്യദയം നിലച്ചത് പോലെ തോന്നി. അപ്പോഴാണ് മനസ്സ് ഓർമകളുടെ അറ ഒന്ന് കൂടെ തുറന്ന് തന്നത്
അനു.....
അന്നൊരു വിഷുദിവസം അടുത്തുള്ള കൃഷ്ണന്റെ അമ്പലത്തിൽ വച്ചായിരുന്നു അവൾ മനസ്സിൽ കയറിക്കൂടിയത്. അതിന് മുൻപ് പല തവണ കണ്ടിട്ടുണ്ടെങ്കിലും അന്നായിരുന്നു അവളെ കണ്ണെടുക്കാണ്ട് പരിസരം മറന്ന് നോക്കി നിന്ന് പോയത്. പിന്നീടങ്ങോട്ട് അനുവിനെ എങ്ങനെ എങ്കിലും പരിചയപ്പെടണം സംസാരിക്കണം എന്ന ചിന്തയായി. അപ്പോഴാണ് സുക്കർബർഗിന്റെ ഫേസ്ബുക് ഒരു ഹംസമായി അവതരിച്ചത്. പിന്നീടങ്ങോട്ട് മെസ്സേജുകളുടെ പൂക്കാലമായിരുന്നു. എല്ലാ വിശേഷങ്ങളും പരസ്പരം പങ്കുവച്ചു. അവസാനം മുക്കിയും മൂളിയും ഇഷ്ടം തുറന്ന് പറഞ്ഞു. പക്ഷെ എല്ലാ പെണ്ണുങ്ങളും പറയുന്നത് പോലെ അവളും ആങ്ങളയായി തന്നെ കാണുന്നു എന്ന് പറഞ്ഞു. പിന്നീടങ്ങോട്ടുള്ള കാലം മനസ്സിലുള്ള പ്രേമം ഉള്ളിലൊതുക്കി ഓൺലൈൻ ആങ്ങളയായി നടന്നു. അവളുമായി കൂടുതൽ അടുത്തു.
അങ്ങനെ ഇരിക്കെ ആണ് പ്രേമം അസ്ഥിക്ക് പിടിക്കുന്നത്. എങ്ങനെ എങ്കിലും ഒരു നല്ല ജോലി സമ്പാദിച്ചു അവളുടെ വീട്ടിൽ ചെന്ന് പെണ്ണ് ചോദിക്കണമെന്ന് ശപഥം ചെയ്തു. പിന്നീടുള്ള എന്റെ പ്രണയം അനുവിനോടും പി എസ് സി ഏക്സാമിനോടും മാത്രമായിരുന്നു. ഓവർ കോൺഫിഡൻസ് കൂടിയപ്പോൾ അനു + കാർത്തിക് എന്ന് നെഞ്ചിൽ ടാറ്റൂവും അടിച്ചു വെച്ച് എല്ലാ ദിവസവും ഭാവിയെക്കുറിച്ചു സ്വപ്നം കാണാൻ തുടങ്ങി.
പക്ഷെ എന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും പി എസ് സി ബോർഡ് കാണാത്തത് കൊണ്ടോ പൊതു അറിവ് തീരെ കുറവായത് കൊണ്ടോ എഴുതിയ മൂന്ന് എക്സാമും എട്ടു നിലയിൽ പൊട്ടി.
അങ്ങനെ പൊട്ടിയ സങ്കടത്തിൽ നാലാമത്തെ എക്സാം എഴുതി റിസൾട്ട് കാത്ത് നിൽക്കുമ്പോഴാണ് അവളുടെ കല്യാണം പെട്ടെന്ന് നടക്കുന്നത്. എന്തോ ജാതകദോഷം. ആകെ തകർന്ന് പോയി. നിരാശാകാമുഖനായി കല്യാണവും കൂടി മൂന്ന് വട്ടം സദ്യയും ഉണ്ട് ഞാനാ വിഷമം ഒരു പരിധി വരെ കുറച്ചു. ഓഡിറ്റോറിയത്തിൽ നിന്ന് ഇറങ്ങാൻ നേരം ഒരു ശപഥവും എടുത്തു. ഇനി ജീവിതത്തിൽ ഒരു പെണ്ണില്ലാന്ന്.....
അന്ന് കല്യാണം കഴിഞ്ഞ് പിന്നെ ഇപ്പോഴാണ് അനുവിനെ കാണുന്നത്.
പരിചയം പുതുക്കാനായി അവൾ ഓടി വന്നു. ഞങ്ങൾ സംസാരിക്കാൻ തുടങ്ങുന്നതിനു തൊട്ട് മുൻപ് അനുവിന്റെ കുട്ടിക്ക് ഒരു സംശയം. അവൻ ഉറക്കെ അനുവിനോട് ചോദിച്ചു
"അമ്മേ ഇതല്ലേ അമ്മയുടെ ഫോണിൽ ഉള്ള അങ്കിൾ.... "
അവൾ ആകെ വിയർത്തു. മുഖത്തെ സന്തോഷമെല്ലാം മാറി ഒരു ചമ്മൽ ആയി മാറി. കുറച്ചു നിമിഷം അവിടെ ഒരു നിശ്ശബ്ദതയായി. ഒന്നുമറിയാതെ ആ നിശബ്ദത മാറ്റാനായി ഞാൻ കുട്ടിയോട് വെറുതെ പേര് ചോദിച്ചു.
"കാർത്തിക്...... "
ആ കുട്ടിയുടെ പേര് കേട്ടതും ഞാൻ അവളുടെ മുഖത്തേക്ക് ഒന്ന് പാളി നോക്കി.
ആ കണ്ണുകളിൽ ഞാൻ കണ്ടത് നഷ്ടപ്രണയത്തിന്റെ ഒരു അണയാത്ത അഗ്നിയെ ആണ്. രണ്ട് മിനിറ്റ് കണ്ണുകൾ തമ്മിൽ പരസ്പരം കഥ പറഞ്ഞപ്പോളാണ് മുടി ഒക്കെ കഷണ്ടി ആയ ഒരു മസിൽമാൻ രണ്ട് കുട്ടികളെയും കയ്യിൽ എടുത്ത് വരുന്നത് കണ്ടത്. അത് അവളുടെ ഭർത്താവ് കിഴങ്ങൻ ആണെന്ന് മനസ്സിലായി. ഇത് കൂടെ കണ്ടതോടെ ഒരൊറ്റ ഓട്ടം ആയിരുന്നു. എങ്ങോട്ടെന്നില്ലാതെ.....
Comments
Post a Comment