കള്ളിമുൾ ചെടി പൂക്കുന്നു
ഭാഗം 4
നീ എന്ന ഒന്നിനെ മറക്കാൻ മടിച്ചൊരെൻ ഹൃദയമേ നിന്നെ ഞാൻ ശപിക്കുന്നു. വെറുക്കുന്നു. എങ്കിലും നിന്നെ മറന്ന് പോകരുതേ എന്ന് ഞാൻ നിന്നോടപേക്ഷിക്കുന്നു.
വരണ്ടുണങ്ങിയ ഹൃദയപറമ്പിലേക്ക് കുളിരുള്ള പേമാരി പെയ്യാനൊരുമ്പിടുന്നു. കാറ്റും കോളും നിറഞ്ഞ് ഭീതിപ്പെടുത്തിയിരുന്ന അവന്റെ മുഖത്തു വശ്യമായ പുഞ്ചിരി വിടർന്നിരിക്കുന്നു. അടുത്തേക്ക് വരും തോറും ആഹ്ലാദത്തിന്റെ വല്ലാത്ത അനുഭൂതി അവനിൽ കാണുന്നു. ഷിർട്ടിന്റെ പോക്കറ്റിൽ നിന്നും ഒരു കവർ എടുത്തു അവൻ ഉയർത്തി കാണിച്ചു. രണ്ട് കൈകളെയും സ്വതന്ത്രമാക്കി കൈ കൊട്ടികൊണ്ട് സൈക്കിൾ ഓടിച്ചു അവൻ അടുത്തേക്ക്, തൊട്ടടുത്തെക്ക്. എന്താണിത്. നിമിഷനേരങ്ങൾ കൊണ്ട് അന്തരീക്ഷം മാറിയിരിക്കുന്നു. ദൈവം ഇത്രമേൽ അത്ഭുതം കാണിക്കുന്നവനാണോ....?
ഒന്ന് കബളിപ്പിച്ചതിന്റെ ഉൾചിരി അവന്റെ മുഖത്തു പ്രതിഫലിച്ചിരുന്നു. അടുത്തേക്കെത്തി കവർ അയാൾക്ക് നേരെ നീട്ടി. അത് വാങ്ങും മുമ്പേ അവന്റെ മുഖത്തേക്ക് അയാൾ ആഞ്ഞടിച്ചു. എന്നിട്ട് കെട്ടിപിടിച്ചു, തുരു തുരേ ചുംബിച്ചു.
ഭ്രാന്തമെന്നോ, അനുഗ്രഹീതമെന്നോ വിളിക്കാവുന്ന ആനന്ദത്തിന്റെ ഋതുകാലം. ഇല്ല അരുതാത്തതൊന്നും സംഭവിച്ചിട്ടില്ല. എല്ലാം അമിതമായ ജിജ്ഞാസകൊണ്ട് ഞാൻ നെയ്തു കൂട്ടിയ ഭ്രാന്ത്. അതല്ലാതെ ഇതിനെ വിശേഷിപ്പിക്കാൻ മറ്റു വാക്കുകളില്ല.
വർഷങ്ങൾക്ക് ശേഷം തിരിച്ചുവന്ന കുഞ്ഞിനെ മാതാവ് സ്നേഹിക്കുന്ന പോലെ അയാൾ ആ കവറിനെ സ്നേഹിക്കുന്നു, ലാളിക്കുന്നു, ചുംബിക്കുന്നു. പക്ഷെ എത്ര ശ്രമിച്ചിട്ടും തുറന്ന് നോക്കാൻ സാധിക്കുന്നില്ല. ഒരുപക്ഷെ, ഇനി ഈ തെമ്മാടിത്തരം ചെയ്യരുത് എന്ന താക്കീതാണെങ്കിൽ, അറക്കുന്നു, വെറുക്കുന്നു എന്ന വെളിപ്പെടുത്തലാണെങ്കിൽ. മണ്ണിട്ടു മൂടിയ ഒരിക്കലും ഓർമ്മിക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങളെ തുരന്നെടുക്കാൻ നാണമില്ലേ എന്ന പുച്ഛമാണെങ്കിൽ, മറ്റൊരാളുടെ ഭാര്യയായ അമ്മയായ ഒരു പെണ്ണിന്റെ ജീവിതം നശിപ്പിക്കാൻ തീരുമാനിച്ചിറങ്ങിയിരിക്കുകയാണോയന്ന വേവലാതി ആണെങ്കിൽ എങ്ങനെയാണ് എനിക്ക് സഹിക്കാനാവുക.
ഞാൻ തന്നെ എഴുതിയിട്ടുണ്ട് ഒരിക്കൽ അറിഞ്ഞ മനുഷ്യനെ വീണ്ടും അറിയാൻ ശ്രമിക്കരുത്. അപ്പോഴേക്കും അയാൾ മരിച്ചിട്ടുണ്ടാവും. പുതിയ ഒരാൾ ജനിച്ചിട്ടുണ്ടാവും.
കാലാവസ്ഥ വീണ്ടും പ്രതികൂലമായിരുന്നു, അകത്തളങ്ങളിൽ ഇടിയും മിന്നലും ശക്തമായിരിക്കുന്നു വയ്യ സഹിക്കാനാവുന്നില്ല എന്നെപോലെ വേദനിക്കുന്ന നിസ്സഹായനായ മറ്റൊരാളുണ്ടോ ഭൂമിയിൽ...? മനുഷ്യന്റെ ഹൃദയം കുറേ കൂടി സഹിക്കാൻ പ്രാപ്തിയുള്ളതായി സൃഷ്ടിക്കാമായിരുന്നു ദൈവത്തിന്. ലോകത്ത് ഇത്രയധികം മാനസിക രോഗികൾ ഇല്ലാതിരിക്കുന്നത് പിന്നെങ്ങിനെയാണ്. ഹൃദയം പൊട്ടിപോകുന്ന അവസ്ഥ.
നിശബ്ദം, കാറ്റും കോളും ഇടിയും മിന്നലും അടങ്ങിയിരിക്കുന്നു. ശാന്തം ശൂന്യതയാണ്. കുറച്ച് നേരത്തേക്ക് ഭൂമി നിശ്ചലമായിരിക്കുന്നു. കാലചക്രം പോലും കറങ്ങാൻ മറന്നിരിക്കുന്നു. അത്രമേൽ ശൂന്യം.
"ഈ നോവെനിക്ക് ഏറെ പ്രിയങ്കരമാണ്. എന്റെ പ്രേമം പോലെ കഠിനമാണ് എന്റെ മരണവുമെങ്കിൽ ഞാൻ മരിച്ചുകൊള്ളട്ടെ..
ജീവിതമേ വഴിമാറിത്തരൂ... മിഥ്യയായ മായാ രൂപങ്ങളെ കടന്നുവരൂ..." അയാൾ അലറിവിളിച്ചു. അയാൾ ബോധരഹിതനായി നിലത്ത് വീണു.
നേരം സന്ധ്യയോടടുക്കുന്നു.
ആകാശമുഖത്തെ
പുഞ്ചിരി മായുമ്പോഴും
ചക്രവാളം
കരഞ്ഞു ചുവക്കുമ്പോഴും
പറവകൾ
മുഖം പൊത്തിയോടുമ്പോഴും
കടലെന്ന വികൃതിക്കുട്ടി
നിശബ്ദമാകുമ്പോഴും
മനുഷ്യനെന്തൊരു കൗതുകം... !!
എന്തൊരാൾകൂട്ടമാണ്
സൂര്യൻ മരിക്കുന്നത്
ആസ്വദിക്കാൻ..
അബോധാവസ്ഥയും അയാളെ തോല്പിച്ചിരിക്കുന്നു. എല്ലാം മനസ്സിൽ താളം കെട്ടി നിൽക്കുന്നു. അമാന്തിച്ചു നിൽക്കുന്നതിൽ അർത്ഥമില്ല. വിധി എന്തുതന്നെ ആയാലും നേരിടുക തന്നെ. എവിടെനിന്നോ സംഭരിച്ച ധൈര്യവുമായി അയാൾ കവർ തുറന്നു.
ലോകം സാക്ഷി നില്കുന്നു. സൂര്യൻ കരഞ്ഞസ്തമിക്കുന്നു. അന്തരീക്ഷം ഇരുട്ടിന്റെ കരിമ്പുടം പുതക്കുന്ന വേളയിൽ ഇവിടെ കള്ളിമുൾചെടി പൂത്തുനിൽകുന്നു. ആ പൂന്തോട്ടത്തിൽ രണ്ട് ശലഭങ്ങൾ മാത്രം.
ആനന്ദത്തിന്റെ കണ്ണുനീർ കവിൾതടങ്ങളിൽ ചാലിട്ടൊഴുകുന്നു. കാലമേ നീ തന്നെ സത്യം. ഞാൻ.....
ഞാൻ ജീവിക്കുന്നു.
അയാൾ ആർത്തിയോടെ ആ അക്ഷരങ്ങൾ വീണ്ടും വീണ്ടും വായിച്ചു. ശപിക്കപ്പെട്ടവനേ.. നിന്നോട് ദൈവം കരുണ കാണിച്ചിരിക്കുന്നു. വലിയ മഹാനാണവൻ. വണങ്ങുന്നവനും വെറുക്കുന്നവനും ഭക്ഷണം നൽകുന്നവൻ, കാരുണ്യവാൻ.
അക്ഷരങ്ങളെ ഇത്രയധികം പ്രണയിച്ച മറ്റൊരാൾ ഈ ഭൂമിയിൽ ഉണ്ടാകില്ല. ഭൂമി അത്രമേൽ മനോഹരമായിരിക്കുന്നു. ഈ സന്ധ്യക്കിതെന്തൊരു ഭംഗിയാണ്. ഇതുവരെ ഞാൻ കാണാത്ത നിലാവ് ജനലഴികൾക്കിടയിലൂടെ എന്നെ നോക്കി പുഞ്ചിരിക്കുന്നു. ലോകം മുഴുക്കെ എനിക്ക് വേണ്ടി നിശബ്ദമായിരിക്കുന്നു. വാനിൽ അവൾ....അവളുടെ മുഖം നീല നിലാവിന്റെ നീലിമയിൽ തെളിഞ്ഞുവരുന്നു.
മറുപടി എഴുതാൻ പേന എടുത്തു. മനസ്സ് മഴമേഘങ്ങൾ നിറഞ്ഞ ആകാശമായിരുന്നു. ഒരു പ്രളയം സൃഷ്ടിക്കാൻ ഉതകും വിധം വെമ്പി നില്കുന്നു. ഭൂമി വരവേൽക്കാൻ, കുളിരണിയാൻ
കാത്തിരിക്കുന്നു. ഏതു മേഘത്തിൽ നിന്നും ആദ്യ തുള്ളി....?
Comments
Post a Comment