കള്ളിമുൾ ചെടി പൂക്കുന്നു


ഭാഗം 9


ഞാൻ നീയും എന്ന  പരപ്പിനേക്കാൾ എത്ര കടലാഴങ്ങളാണ് നമ്മളെന്ന ഒറ്റവാക്കിന്  അല്ലേ....??? !!
ഒരുപക്ഷെ മനുഷ്യർക്ക് നേടിയതിനേക്കാൾ ഭംഗി തോന്നുന്നത് നഷ്ടപ്പെട്ട ചിലതിനോടായിരിക്കും. എന്റെ ജനനവും മരണവും പോലെ തന്നെയാണ് എനിക്കെന്റെ പ്രണയവും  ഒരാളിൽ ജനിച്ചു അയാളിൽ തന്നെ മരിച്ചു വീണിരിക്കുന്നു. വെറുതെ ഇതിവിടെ കുറിക്കട്ടെ. 
"ഇനിയുമുണ്ടൊരു ജന്മമെങ്കിൽ എനിക്ക് നീ ഇണയാവണം... "

   ചിരി വരുന്നുണ്ടല്ലേ.. മനുഷ്യന് അങ്ങനെയാണ്. കടൽ പോലെ.... ആഴങ്ങളിലേക്ക് ഇറങ്ങിചെല്ലും തോറും നിഗൂഢതയാണ്. കടന്നു ചെല്ലുന്ന മനുഷ്യന്മാരുടെ ആഴങ്ങളെ കുറിച്ച് ബോധവാന്മാരല്ല എന്ന ഒറ്റ കാരണം കൊണ്ടാണ് നമ്മൾ മുങ്ങി പോകുന്നതും പിടഞ്ഞു മരിക്കുന്നതും. 

     (രാത്രി വല്ലാതെ വൈകിയിരിക്കുന്നു. വട്ടമിട്ടു പറന്നിരുന്ന പ്രാണിക്കൂട്ടത്തിൽ ഇനി ഒന്നോ രണ്ടോ മാത്രം അവശേഷിക്കുന്നു. ബാക്കിയുള്ളവരൊക്കെ  വെന്തില്ലാണ്ടായിട്ടും യാഥാർഥ്യം തിരിച്ചറിയാനാവാതെ പറക്കുകയാണവർ ചില മനുഷ്യരെ പോലെ. അല്ല..... എല്ലാ മനുഷ്യരെയും പോലെ. യാഥാർഥ്യങ്ങളോട് പൊരുത്തപ്പെടാൻ വല്ലാത്ത മടിയാണ് മനുഷ്യന്. കണ്മുന്നിൽ എല്ലാം കാണുമെങ്കിലും മിഥ്യയായ മായാ ലോകത്തേക്ക് ചേക്കേറാനാണ് അപ്പോഴും നമുക്ക് താല്പര്യം. എന്നാൽ ഈ പ്രാണികളുടെ അവസ്ഥയാണ് ബേധം. ക്ഷണിക നേരം കൊണ്ട് എല്ലാം അവസാനിക്കുന്നു. മനുഷ്യരപ്പോഴും ബാക്കിയാണ്. ഒന്ന് കഴിഞ്ഞാൽ മറ്റൊന്നിനെ പുൽകും എന്നിട്ട് പതിയെ പതിയെ ഇല്ലാണ്ടാവും. ചിലപ്പോൾ ദിവസങ്ങൾ കൊണ്ട്, കാലങ്ങൾ കൊണ്ട് മരിക്കും വരെ അതും പേറി നടക്കുന്നവർ എത്രയാണല്ലേ...?? !!

          നേർത്ത ദീർഘനിശ്വാസം .... അക്ഷരങ്ങൾ വല്ലാതെ കലഹം കൂട്ടുന്നുണ്ടിന്ന്  പുറത്ത് ചാടാൻ. നാളുകൾക്കു ശേഷമാണിങ്ങനെ. നിമിഷങ്ങൾ കൊണ്ട് കറുക്കുകയും ചുവക്കുകയും ചെയ്യുന്ന ഈ രീതിയിൽ ഞാനെന്തിനുള്ള പോക്കാണ്. 

             ഇനി....?? ഇനി എന്താണ്....??  അറിയില്ല പ്രിയേ..... എന്റെ അനുഭവങ്ങളുടെ ചാരം മാത്രമാണ് ഞാനിവിടെ കുറിച്ചതെല്ലാം. ഒന്നുറപ്പാണ് മനുഷ്യനെന്ന മഹാ കടങ്കഥയുടെ അർത്ഥമന്വേഷിക്കുന്നവർ അവസാനം എന്റെ കാല്പാടുകൾ തിരഞ്ഞു വരും.  നാളുകൾ എത്ര പിന്നിട്ടാലും. ക്രിസ്തുവിനോട് മാത്രമേ എനിക്ക് അസൂയയൊള്ളു. കുരിശു മരണങ്ങളുടെ കാര്യത്തിൽ. അവഗണിക്കപ്പെടുന്നവന്റെ, ക്രൂശിക്കപ്പെടുന്നവന്റെ വേദന എഴുതിവെക്കലുകൾക്കതീതമാണ്. അതിനുമൊക്കെ എത്രയോ അപ്പുറമാണ്. 
   ഉറുമ്പുകൾ വല്ലാത്ത അത്ഭുദമാണ്. എത്രയെത്ര ചുംബനങ്ങളാണ് ഓരോ ദിവസവും കൈമാറുന്നത്. സദാചാരവാദികൾ അവരുടെ ലോകത്ത് ഇല്ല പോലും. എങ്കിലെന്നേ ഉറുമ്പുകൾ ഇല്ലാണ്ടായേനെ. 


               മുഷിപ്പ് തോന്നുന്നുണ്ടോ...?? അവസാനിക്കുകയായി അസ്വസ്ഥമായ മനസ്സിന് ഒരു പ്രത്യേകതയുണ്ട്. ഒരു മുൾ മരത്തെ പോലെയാണ് എല്ലാത്തിനെയും എത്തിപ്പിടിച്ചു മുറിവേല്പിക്കാൻ നോക്കും. ഒരാളുടെ ആരെങ്കിലുമൊക്കെ ആവുക എന്നതാണ്. ലോകത്തിലെ ഏറ്റവും വലിയ തടവറ രക്ഷപെടാൻ വളരെ പ്രയാസമാണ്. ഓരോ മനുഷ്യരും തിരിച്ചിറങ്ങാൻ ആവാത്ത വിധം കുടുങ്ങിപോകാറുണ്ട്. 


           ഏറ്റവും മനോഹരം എന്താണ്.....? എന്നോ കണ്ട് മറന്നവയോ..? അതോ കണ്മുന്നിൽ ഉള്ളവയോ...?? അതോ കാണാകാഴ്ചകളോ ..? എനിക്കൊരു ഉത്തരമേയുള്ളൂ എവിടെയാണോ നമ്മൾ നമ്മളായി ജീവിച്ചത്. അതാണ് ഏറ്റവും മനോഹരം. ആരുടേയും അതിർവരമ്പുകൾ ഇല്ലാതെ,  തുറിച്ചു നോട്ടങ്ങളില്ലാതെ, ശകാരങ്ങളില്ലാതെ,  വിലക്കുകളില്ലാതെ ജീവിച്ചത്. അത്രമാത്രം. ഏറ്റവും പ്രിയപ്പെട്ട ഒരാൾ അവിടെ കൂടെയുണ്ടാകും എന്നത് തീർച്ചയാണ്. ഞാൻ നിന്നിലേ ജീവിച്ചിട്ടുള്ളു. 

ഞാൻ 
ഞാനിപ്പോഴും 
നിന്നിൽ തന്നെയാണ് 

നീ പറയാതെ പറഞ്ഞ 
നിന്റെ വരികൾക്കിടയിൽ 
അറിഞ്ഞിട്ടും അറിയാതെ 
നടിച്ച 
നിന്റെ മിഴികൾക്കിടയിൽ

നിന്നിലെ 
എന്റേതുമാത്രമായ 
നിനക്കുള്ളിൽ

നിന്റെ 
വരികൾക്കപ്പുറം 
മിഴികൾക്കപ്പുറം 
നിനക്കപ്പുറം 
ഞാനിന്നും 
പൂക്കുന്നത്
നീയെന്നു കേൾക്കുമ്പോഴാണ് 
അപ്പോൾ മാത്രം....

        കവിതയാക്കാൻ ഒരുപാട് വരികലോന്നും വേണ്ട. നീയും ഞാനും ഒഴുകുന്ന ഇട്ടവരി മതി. എന്റെ വരികളത്രയും എന്റെ ജീവിതമാണ്. ഞാനിതുവരെ കുറിച്ചതെല്ലാം എന്നെയറിയുന്ന, എന്റെ ജീവിതമറിയുന്ന ഒരാളുടെ നെഞ്ചിലാണ്. 
   മതി... 
       പ്രിയേ.... 
                    ഞാനെന്ന നദി ഒഴുക്ക് നിലയ്ക്കാറായി... മറന്നേക്കുക. എല്ലാം. ഓർമകളുടെ ചവറ്റുകൊട്ടയിലേക്ക് ഈ ചാരം കൂടി ഉപേക്ഷിച്ചു നീ യാത്രയാവുക. ഓർമകൾ വേട്ടയാടാ തടവറകളിൽ അകപ്പെടാത്ത നിന്റെ ലോകത്തേക്ക്.  
                        എന്ന് 
                                  ഞാൻ...

Comments

Popular posts from this blog

ചിതറാത്ത കണ്ണാടികൾ

ഇവിടെ തുടങ്ങുന്നു

എന്റെ തോന്നലോ