കള്ളിമുൾ ചെടി പൂക്കുന്നു


ഭാഗം 7

സ്വർണ നിറമുള്ള പ്രകാശത്തിനു ചുറ്റും കൗതുകത്തോടെ പാറി നടക്കുന്ന പ്രാണികളെ നോക്കിയിരിക്കുകയാണ് അയാൾ. ഓരോ  കറക്കത്തിലും ഓരോ പ്രാണികൾ വീതം ചിറക് വെന്ത് മരിക്കുന്നു. ഞാനും ഓരോ മനുഷ്യനും ഇങ്ങനെയാണ്. കാണുന്ന കൗതുകത്തിന് പിന്നാലെ പോയി വെന്ത് വെന്ത് ഇല്ലാതാകുന്നു. 

                   ജീവിതം ഒരു ചൂതുകളിയാണ്. അവിടെ എല്ലാമുണ്ട്. ആനന്ദം, സന്തോഷം, വാശി, നിരാശ, സ്നേഹം, സഹതാപം, നാശം, മരണം.... മരണം.... !!ചിലർ നേടുന്നു. എല്ലാം നേടി തികഞ്ഞു നടക്കുന്നു. ഭാഗ്യ നിർഭാഗ്യങ്ങളുടെ അങ്കം വർട്ടലിൽ ഭാഗ്യത്തിന്റെ തുണ ലഭിക്കുന്നവർ. ചിലർക്ക് നഷ്ടപ്പെടുന്നു എല്ലാം. എത്രയൊക്കെ മനസ്സറിഞ്ഞു പരിശ്രമിച്ചു കളിച്ചാലും  ഭാഗ്യദേവദകൾ പുറംകാലു കൊണ്ട് ചവിട്ടിയകറ്റുന്നവർ. അവസാനം ഓർമകളുടെ തീരത്ത് നിന്ന് കണക്കു നോക്കുന്നു. 

             ദുസ്സഹമായ ശൂന്യതയിൽ അദൃശ്യമായ പ്രളയം കൊടുമ്പിരി കൊള്ളുന്നു. ശൂന്യതയുടെ ആഴങ്ങളിലേക്ക് ആരോ വലിച്ചു ഇടുന്നത് പോലെ. എത്ര നീന്തി കയറാൻ ശ്രമിക്കുമ്പോഴും തിരകൾ വീണ്ടും വീണ്ടും ആഴങ്ങളിലേക്ക് വലിച്ചെറിയുന്നു. 


                    ദാരിദ്ര്യവും നിർഭാഗ്യവും മനുഷ്യന്റെ കുറ്റമാണോ...? പിറന്നപാടേ വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവനേയും ഒരു നേരത്തെ ഭക്ഷണം കിട്ടാതെ മണ്ണ് തിന്നുന്നവനെയും സൃഷ്ടിച്ചത് ഒരേ ദൈവമല്ലേ...? പിന്നെ എന്തുകൊണ്ടാണ് സമൂഹം ഇങ്ങനെ അവജ്ഞയോടെ വെറുപ്പോടെ നോക്കുന്നത്... 

              ഹൃദയം താഴിട്ടുപൂട്ടി താക്കോൽ എവിടെയോ വെളിച്ചെറിഞ്ഞിരിക്കുന്നു. നിർവികാരതയുടെ ചൂടുള്ള കൈപ്പുവെള്ളം  നയനങ്ങളിൽ നിറഞ്ഞുനിൽക്കുന്നു. പെട്ടെന്ന് വരണ്ടുണങ്ങുന്നു. ഞരമ്പുകളെല്ലാം വലിഞ്ഞു മുറുകി പൊട്ടി പോകുമെന്ന അവസ്ഥ. ഇനി എപ്പോഴാണ് ഈ മരുഭൂമിയിൽ തളിരും പൂവുമൊക്കെ....? 


           കുറച്ചു നേരത്തെ ശൂന്യതക്ക് ശേഷം പാതി ചാരിയ റൂമിന്റെ വാതിൽ തുറന്ന് അയാൾ പുറത്തേക്കിറങ്ങി. നിലാവ് മങ്ങിയിരിക്കുന്നു. അന്തരീക്ഷം കുറേ കൂടി ഇരുണ്ട് കറുത്തിട്ടുണ്ട്. മഞ്ഞ് വീഴ്ച അസ്തമിച്ചു. കുളിരു പെയ്തിരുന്ന മരങ്ങളെല്ലാം നിഴൽ രൂപങ്ങളായി പ്രതിമകളെ പോലെ നിൽക്കുന്നു. ദിക്കും ദിശയും നോക്കാതെ ഒരുപാട് ദൂരെ നടന്നു. പെട്ടെന്ന് തിരികെ... ഓടി വീണ്ടും പേനയെടുത്തു. 
             അണമുറിഞ്ഞൊഴുകുന്ന സ്നേഹം, അതിൽ വീണ്ടും അകപ്പെട്ടിരിക്കുന്നു. പേന ധൃതിയിൽ ഇതളുകളെ ചുംബികുന്നു. വല്ലാത്ത പ്രണയത്തോടെ വെറിയോടെ.....


                  ഞാനിപ്പോഴും ഓർക്കുന്നുണ്ട് ഉറുമ്പ് മണമുള്ള നിറം മങ്ങിയ ചുവന്ന ഷർട്ടിനോട് വല്ലാത്ത പ്രിയമായിരുന്നു നിനക്ക്. ഇടതു ചെവിക്കു പിറകിൽ കൃത്യം ഒരു വിരൽ നീളം മാറി കണ്ണുകളിറുക്കി നീ ചുണ്ടുകൾ അമർത്തിയത്. കണ്പീലികൾക്കിടയിൽ മറന്ന് വെച്ച് നമ്മുടെ കാളിയൂഞ്ഞാൽ. കവിളിൽ മൂക്കിനോട് ചേർന്ന് തൊട്ടുതന്ന കാക്കപുള്ളിയിൽ ജീവിതം പണിതിരുന്നത്  എന്റെ ചില കവിതകളോട് വല്ലാത്ത പ്രേമമായിരുന്നു നിനക്ക്. നിന്റെ ഹൃദയം ഭംഗിയായി ഞാൻ കൊത്തി വെച്ചിരുന്നത്രെ. അതിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് വീണ്ടും വീണ്ടും കവിത എഴുതും. 

                   അമ്മയായിരുന്നു എന്റെ ജീവിതം. പ്രതീക്ഷ, അനുഗ്രഹം, മധുരം, സന്തോഷം, നിർവൃതി, മരണം....!!
     എന്റെ ഹൃദയം വീണ്ടും മരിച്ചതപ്പോഴാണ്. നമ്മുടെ ജീവിതവും മരണവുമൊക്കെ ഹൃദയത്തിലാണ് തുള വീണ തൂണിയാൽ ആർത്തിരമ്പുന്ന തിരമാലകളോട് മല്ലിടുകയായിരുന്നു ഞാൻ. നീണ്ട 16 വർഷത്തെ കാത്തിരിപ്പിന് അവസാനമായി; ഒരുദിവസം മരുന്നുമായി ഞാൻ വന്നപ്പോൾ ചലനമറ്റ് ചിരിച്ചു കിടക്കുന്നതാണ് കണ്ടത്. അരികിലൊരു കത്തും. ഞാൻ കഷ്ടപ്പെടുന്നത് കാണാൻ വയ്യപോലും....! ഓർമ്മവെച്ച കാലം മുതൽ ഒന്നെണീറ്റ് കാണാൻ ഒരുപാട് ഓടുന്നതല്ലേ. ഇനി നിർത്തിക്കൊള്ളാൻ. എനിക്ക് വേണ്ടി ഓടിക്കൊള്ളാൻ. വല്ലാത്ത ഭംഗിയാണ് അമ്മയുടെ അക്ഷരങ്ങൾക്ക്.... !! അക്ഷരം പഠിക്കുന്ന കാലത്ത് വാക്കുകൾ പഠിപ്പിച്ചു എഴുതാൻ പഠിപ്പിച്ചതായിരുന്നു. എത്ര എഴുതിയാലും അമ്മയോളം ആവാൻ കഴിയില്ലായിരുന്നു എനിക്ക്. അവസാന വാക്കുകളും എന്നെ തോൽപിച്ചു കളഞ്ഞു. 

                  നിന്നെ വല്ലാത്ത ഇഷ്ടമായിരുന്നു. ഓരോ തവണ വീട്ടിൽ വരുമ്പോഴും എന്നോടത് പറയുമായിരുന്നു. നിനക്ക് അമ്മയും അമ്മക്ക് മകളുമായി മാറിക്കഴിഞ്ഞിരുന്നു നിങ്ങൾ. വായിലേക്ക് വെച്ച് കൊടുക്കുന്ന ഭക്ഷണം തിരികെ വരുമ്പോൾ സ്നേഹത്തോടെ തുടച്ചു കളഞ്ഞു വീണ്ടും കഴിപ്പിച്ചിരുന്നത് ഞാനെന്റെ കണ്മുന്നിൽ ഇപ്പോഴും കാണുന്നുണ്ട്.

ഒരാൾ പോകുമ്പോൾ അവരുട കൂടെ മറ്റെന്തെല്ലാമോ പോകുന്നുണ്ട്. ചിലരൊക്കെ നമ്മളെയും കൊണ്ട് പോകും. തിരിച്ചു വരാൻ പറ്റാത്ത അത്രയും ദൂരത്തേക്ക്... ജീവിതം അസ്തമിച്ചു പോകുന്ന ആഴത്തിലേക്ക് തള്ളിയിടും. ന്നിട്ട് അവരങ് പോകും. തനിച്ചാക്കി.... ഏകനാക്കി...

Comments

Popular posts from this blog

ചിതറാത്ത കണ്ണാടികൾ

ഇവിടെ തുടങ്ങുന്നു

എന്റെ തോന്നലോ