കള്ളിമുൾ ചെടി പൂക്കുന്നു


ഭാഗം 8

തിരക്കേറിയ സമയത്തും തിരക്കൊഴിയാൻ കാക്കാതെ തിര തേടി വരാറുണ്ട് തീരത്തെ ചുംബിക്കാൻ...! അന്നും ഇന്നും നീ അങ്ങനെയാണ്. എത്ര പെട്ടെന്നാണ് നമ്മുടെ ലോകം എന്നിലേക്കും നിന്നിലേക്കും  വാകമരച്ചുവട്ടിലേക്കും ഒതുങ്ങിയത്. നമ്മൾ കൂടുന്ന സമയത്തെല്ലാം വാക വല്ലാതെ സന്തോഷവതിയായിരുന്നു. മനസ്സ് കൊണ്ട് എത്രയോ തവണ നമ്മൾ ഒന്നായതാണ്. എന്റെ ജീവിതത്തിന്റെ പുതിയ ഉദയം ആയിരുന്നു നീ.... പക്ഷെ  ഞാനൊന്ന് ആസ്വദിക്കും മുന്നേ അസ്തമിച്ചു പോയി. 


        നീ എപ്പോഴും പറയുമായിരുന്നു. സങ്കടങ്ങൾ വേരുകളാണെന്ന്. അത് കൂടുതൽ ആഴങ്ങളിലേക്ക് ഇറങ്ങി ചെന്ന് ഇതളുകളെ കരുത്തുള്ളതാക്കും. പൂക്കാനും കായ്ക്കാനും പ്രേരിപ്പിക്കും. ഉള്ളിലൊരു തീ അണയാതെ സൂക്ഷിക്കാൻ. കുത്തി നോവിന്റെ കദന ഭാരം പേറുമ്പോഴും കണ്ണീരുണക്കി കരുത്തുറ്റ കനവുകൾ കാണാൻ നീ പഠിപ്പിച്ചിരുന്നു. ഒരുപക്ഷെ കാലിടറി ജീവിതം തുറിച്ചു നോക്കുന്ന സമയത്ത് നീ വന്നില്ലായിരുന്നുവെങ്കിൽ ഞാൻ അന്നേ ഇല്ലാതാകുമായിരുന്നു എന്നന്നേക്കുമായി. 


                 മരത്തിനും മണ്ണിനും മുഖമുണ്ടത്രെ. മനുഷ്യന് 'മതം' പൊട്ടുമ്പോൾ അവ മുഖം പൊത്തി കറയാറുണ്ടത്രെ. അന്നും അവരൊരുപാട് കരഞ്ഞു കാണണം. ഹൃദയം കീറിമുറിക്കുന്ന വേദനയിൽ നമ്മൾ നിശബ്ദമായി നിലവിളിക്കുമ്പോൾ ഒരുപക്ഷെ നമ്മളോട് പറയാതെ സഹതപിച്ചത് അവർ മാത്രമായിരിക്കും. 


      (ചിന്തകൾക്ക് വീണ്ടും ഭ്രാന്ത് പിടിക്കുന്നു. ആളിക്കത്തുന്നു). എല്ലാവരും ദൈവത്തിന്റെ സൃഷ്ടികളല്ലേ. സിരകളിൽ ഓടുന്നത് ചുവന്ന രക്തമല്ലേ. മജ്ജയും മാംസവുമുള്ള മനുഷ്യനെ വേർതിരിക്കേണ്ടത് മതത്തിന്റെ പേരിലാണോ..? ഞാനിപ്പോഴും സംശയിക്കുന്നു. ദൈവം ഒരിക്കലും മതങ്ങളെ ഇങ്ങനെ ആയിരിക്കില്ല സൃഷ്ടിച്ചിട്ടുണ്ടാവുക എല്ലാം മനുഷ്യരുടെ /കാട്ടാളന്മാരുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് മാറ്റിയെഴുതപ്പെട്ടതാണ്. എങ്ങനെയാണ് ജാതിയുടെ പേരിൽ ഹൃദയങ്ങളൊന്നായ ഇരു മനസ്സുകളെ ദൈവത്തിന് വേർപിരിക്കാനാവുക. അത്രയും കരുണയില്ലാത്തവനാണ് ദൈവമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഒരാൾ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും  ഒക്കെ ആയി ജനിക്കുന്നത് അയാളുടെ കുറ്റമാണോ. അതൊക്കെ ദൈവ നിശ്ചയമല്ലേ. മതങ്ങളില്ലാതെ മനുഷ്യരിവിടെ ജീവിക്കുന്നില്ലേ. ആ മനുഷ്യരും ഞാനും തമ്മിലുള്ള വ്യത്യാസമെന്താണ്. 


               അല്ല..... !! ഈ മുഖമൂടി ധരിച്ച വേഷം കെട്ടി നടക്കുന്ന മാന്യന്മാരുടെ അവസ്ഥയെന്താണ്. ആരാണ് ശരി ആരാണ് തെറ്റ്....? ഏതാണ് നന്മ ഏതാണ് തിന്മ....? യോഗ്യന്മാരായി വിലസുന്നവരുടെ കൂട്ടത്തിൽ കള്ളന്മാരില്ലേ. നീതിയും അനീതിയും വേർതിരിക്കുന്നവരിൽ കാടന്മാരില്ലേ. ശരിയും തെറ്റും തീരുമാനിക്കുന്നവരിൽ കൊലയാളികളില്ലേ. എന്നെയും നിന്നെയും  വേർതിരിക്കുന്നവരിൽ രണ്ടായി കാണുന്നവരിൽ കൊള്ളരുതാത്തവരില്ലേ.... ആരാണ് അർഹിക്കുന്ന സ്ഥാനത്തുള്ളത്. പിച്ചകളുടെ കൂട്ടത്തിൽ മഹത്വമുള്ളവരെ എനിക്കറിയാം. ദരിദ്രരുടെ കൂട്ടത്തിൽ മുതലാളിമാരെ ഞാൻ കണ്ടിട്ടുണ്ട്. പിന്നെ ആരാണ് ഇവർക്കിതിന് അധികാരം നൽകിയത്. 


        വീണ്ടും ശൂന്യത. ആകാശത്തു പിന്നെ  നിലാവിതുവരെ വന്നിട്ടില്ല. കൂടെ കൂടെ ഇരുണ്ടുപോകുന്നു. മരങ്ങളും പക്ഷികളും നിശ്ചലമായിരിക്കുന്നു.ദീർഘമായ ഇടവേളക്ക് ശേഷം വീണ്ടും തൂലിക ചലിക്കുന്നു.. 


              നിനക്ക് സമ്മാനമായി എന്നിലൊരു കവിതയുണ്ട്. വേനലിൽ വാടാതെ മഴയിൽ നനയാതെ നീ അത് കാത്തുസൂക്ഷിക്കണം. അക്ഷരങ്ങൾ ഇടർന്നു വീണാൽ നീ അതെടുത്തു ഹൃദയത്തിൽ സൂക്ഷിക്കണം. അതെന്റെ ഓർമകളല്ല, എന്റെ ആത്മാവാണ്. 


           അവസാനമായാണ് എഴുതുന്നത്. ഇനി ഒരു അവസരം ഉണ്ടായെന്നു വരില്ല  ഒരുപാട് ഇഷ്ടങ്ങളെ കോർത്തിണക്കിയ ജീവിക്കാൻ പഠിപ്പിച്ച ഒരു കവിതയായിരുന്നു നീ എനിക്ക്. പക്ഷെ അവസാനം നഷ്ടങ്ങളുടെ ചാരമായി മാറി.

Comments

Popular posts from this blog

ചിതറാത്ത കണ്ണാടികൾ

ഇവിടെ തുടങ്ങുന്നു

എന്റെ തോന്നലോ