കള്ളിമുൾ ചെടി പൂക്കുന്നു


ഭാഗം 3

ഇട വിടാതെ തീരത്തെ തഴുകുന്ന തിരകളെ കണ്ടിട്ടില്ലേ... തിരികെ വരുമെന്ന് ഉറപ്പുണ്ടായിട്ടും തെല്ലിട നേരത്തെ പിരിയൽ പോലും സഹിക്കാനാവാത്തതിനാൽ മണൽ തരികളെയും കൂട്ടിനു ചേർത്താണ് ഓരോ പ്രാവശ്യവും മടങ്ങി പോകാറ്... 
പാതി തുറന്നിട്ട ജനൽ ചില്ലുകളുടെ വിവിധ വർണങ്ങളിൽ തലോടി ഇളം വെയിൽ ആ മുറിയുടെ അകത്തേക്കടിക്കുന്നു. ചുവരിലെ തല കീഴായി തൂങ്ങുന്ന ക്ലോക്കിൽ മണി ആറടിക്കുന്നു. ഇന്നലെ വല്ലാണ്ട് വൈകിയാണ് ഉറങ്ങിപോയത്. എങ്ങനെയാണ് ഉറങ്ങാനാവുക. അത്രയും വലിയ കൊടും പാപം ചെയ്തല്ലേ ഇരിക്കുന്നത്. ഒരുപക്ഷെ അഞ്ചുപേരെ കൊന്നവന്, തൂക്കിലേറ്റാൻ പോകുന്നവന് അവരൊന്നും ഇത്രയധികം ഉൾവേവ് അനുഭവിച്ചു കാണില്ല. ഉറങ്ങി എന്ന് വരുത്തിത്തീർത്തതാണെന്ന് വേണമെങ്കിൽ പറയാം. 
                                ഇന്ന് പ്രഭാതത്തിന് ഒരു ശോഭയുണ്ട്, തെന്നലിനൊരു കുളിരുണ്ട് പ്രതീക്ഷയുടെ ഒരു സുഗന്ധമുണ്ട്. എന്താണ് സംഭവിച്ചിരുക്കുക...? !! അയാൾ പുൽപായിൽ നിന്നും പതുക്കെ തലയുയർത്തി. എണീക്കാനാവുന്നില്ല. എങ്കിലും എങ്ങിനെയൊക്കെയോ എണീറ്റു. പൊടുന്നനെ വാതിലിനരികെ ചെന്ന് ദൂരത്തേക്ക് നോക്കിനിന്നു. അവൻ പോയിട്ടുണ്ട്.  വൈകിയാണ് എണീറ്റതെന്ന് തോന്നുന്നു. സ്ഥിരം കിട്ടാറുള്ള ചായ ഇന്ന് കാണുന്നില്ല. 
ഇനി അവനത് മറന്ന് കാണുമോ...? അവിടെ പോകില്ലേ...??  നേരം വൈകിയ കാരണം അവളെങ്ങാൻ തിരിച്ചു പോകുമോ..?  ആലോചിച്ചിട്ട് ഒരു സമാധാനവും കിട്ടുന്നില്ല. കുറേ പുറത്തേക്  ഇറങ്ങി നിന്നാലോ എന്ന് ആലോചിക്കും. പ്രസവ റൂമിന് പുറത്ത് നിൽക്കുന്ന ഭർത്താവിന്റെ ടെൻഷനും ജിജ്ഞാസയുമായി അയാൾ അങ്ങോട്ടും ഇങ്ങോട്ടും നടന്നുകൊണ്ടേയിരുന്നു.                                              ദൂരെ നിന്നും അവന്റെ സൈക്കിളിന്റെ ശബ്ദം. വഴിയിലേക്കിറങ്ങി ഓടി ചെന്നു അയാൾ. അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അറിയാതെ നിന്ന് പോയി. കാർമേഘം മൂടി കെട്ടിയ പ്രതീതി. അരുതാത്തത് സംഭവിച്ചിരിക്കുന്നു...
              അവൾ... !! അവളെങ്ങാനും  ഇവനെ വല്ലതും ചെയ്തുകാണുമോ..? അതോ.. ആ കത്ത് വേറാരെങ്കിലും കണ്ടോ...?? ഇത്രയധികം പരിഭ്രാന്തിയോടെ അവനും ഇതുവരെ അയാളെ കണ്ടിട്ടില്ല. കണ്ണുകളിൽ ആകാംഷയുടെ തീക്ഷ്ണ ഭാവം നിസ്സഹായതയിലേക്ക് വഴിമാറിയിരിക്കുന്നു. ശപിക്കപ്പെട്ടവൻ എന്ന് മനസ്സ് വീണ്ടും വീണ്ടും മുദ്രകുത്തുന്നു. ഞാൻ ചെയ്ത തെറ്റിന് അവൻ ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നേക്കുമോ.....? 
                 വാടി തളർന്ന പൂവ് പോലെ, ആദ്യ പ്രസവം തന്നെ കുഞ്ഞ് മരിച്ചു പോയ പിതാവിന്റെ വിങ്ങലോടെ അയാൾ അവനടുത്തേക്ക് വരുന്നത് നോക്കിനിന്നു. 
ഒരാളുടെ സന്തോഷത്തിന്റെയും സമാനത്തിന്റെയും താക്കോൽ മറ്റൊരാളുടെ കൈകളിലാവുന്നത് എത്ര അപകടകരമാണ്.. . !!
                        എത്ര പെട്ടെന്നാണ് മനസ്സിൽ നെയ്തെടുത്ത ചില്ലു കൊട്ടാരം തകർന്ന് തരിപ്പണമായിരിക്കുന്നത്. 
ഇന്നലെ കോറിയിട്ട ആ അക്ഷരങ്ങൾ  അയാളെ നോക്കി പല്ലിളിക്കുന്നത് പോലെ അയാൾക്ക് തോന്നി.


പ്രിയേ... 
ഓർമ്മകൾക്കിപ്പോഴും 
ഭയങ്കര വിശപ്പാണ് 
നിന്നോർമകളെ 
ഇത്രയധികം കട്ട് തിന്നിട്ടും... 

ഓർമ്മകൾ കൊണ്ട് 
വെളിച്ചം വീണ ഇരുട്ടിൽ 
നമുക്കൊന്നുകൂടി 
നടന്നു തുടങ്ങാം... 
എന്തിനാണെന്ന് 
മാത്രം ചോദിക്കരുത്.

വെറുതെ 
വെറുതെങ്ങനെ 
പറഞ്ഞുകൊണ്ടിരിക്കാം 
മറക്കും വരെ
അല്ല 
മരിക്കുംവരെ.. 

നമ്മിൽ ജനിച്ച 
ഓർമ്മപുസ്തകത്തിന്റെ 
അവസാന താളും 
ചിതലരിക്കും വരെ...!!!

തുടരും... 

Comments

Popular posts from this blog

ചിതറാത്ത കണ്ണാടികൾ

ഇവിടെ തുടങ്ങുന്നു

എന്റെ തോന്നലോ