പ്രിയപ്പെട്ടവൾക്കായ്
പതിവ് പോലെ സുബ്ഹിക്ക് നിസ്‌കരിക്കാൻ എഴുന്നേറ്റപ്പോൾ ഫോൺ ഒന്ന് നോക്കി...പത്ത് മിസ്സ് കോൾ അതും എന്റെ പ്രിയ സുഹൃത്ത് ആയിരുന്ന മഹ്‌റൂഫിന്റെ..ഞാൻ തിരിച്ച് വിളിച്ചു..പഹയൻ നല്ല ഉറക്കത്തിലാ...ഞാൻ നിസ്‌ക്കരിച്ച് കഴിഞ് വീണ്ടും ട്രൈ ചെയ്തു...പോത്ത് പോലെ ഉറങ്ങാവും...ഞാനും പോയി കിടന്നുറങ്ങി...
പത്ത് മണിയായപ്പോൾ ഞാൻ വീണ്ടും വിളിച്ചു...ഭാഗ്യം ഇത്തവണ ഫോൺ എടുത്തു..
എന്താടാ സംഭവം?പാതിരായ്ക്ക് കുറെ മിസ്സ് കോൾ ഉണ്ടായിരുന്നല്ലോ....
സമീറെ നിനക്ക് ശബാനയെ ഓർമ്മയുണ്ടോ?
ഞാനാരെയും മറന്നിട്ടില്ല...നീ കാര്യം പറ...
സൽമു(എന്നെ അങ്ങനെയാണ് എല്ലാവരും വിളിക്കുന്നത്) അടുത്ത ആഴ്ച്ച അവളുടെ കല്യാണമാണ്...ഞാൻ നാട്ടിൽ പോവാ...നിന്നോട് ഇത് പറയണമെന്ന് തോന്നി...അതുകൊണ്ടാ വിളിച്ചത്....
ഉം..ഞാൻ ഷോപ്പിൽ ചെന്നിട്ട് വിളിക്കാം..മറുപടി വരും മുൻപ് ഞാൻ ഫോൺ കട്ട് ചെയ്തു...വേഗം ഷോപ്പിലേക്ക് പോയി....
ഷോപ്പിൽ ചെന്ന് എല്ലാം സെറ്റ് ചെയ്തു കടയിൽ ഇരുന്നപ്പോൾ ഓർമകളെന്നെ ബാംഗ്ലൂരിന്റെ മണ്ണിലേക്ക് കൊണ്ട് പോയി...................
അന്നും ഇതുപോലെ സുബ്ഹിക്ക് നിസ്‌കരിക്കാൻ എഴുന്നേൽക്കുന്ന നേരത്ത് കുറെ മിസ്സ് കോൾ...അതും ലാൻഡ് ഫോണിൽ നിന്ന്...പരിചയമില്ലാത്ത നമ്പറിൽ നിന്ന് ഇത്രയും കോൾ വന്നപ്പോൾ ഉള്ളിലൊരു ഭയം തോന്നി..അപ്പോൾ തന്നെ തിരിച്ചു വിളിക്കാൻ നോക്കിയപ്പോഴാണ് ബാലൻസ് ഇല്ലെന്ന് അറിഞ്ഞത്...ഇന്നലെ വീട്ടിലേക്ക് ഉമ്മയെ വിളിച്ചപ്പോൾ തീർന്നതാണ്...പെട്ടെന്ന് തന്നെ എഴുന്നേറ്റ് ഫ്രഷ് ആയി നേരെ ഷോപ്പിലേക്ക് പോയി...മഹറൂഫിന്റെ ഒപ്പം ബ്രെക്ക് ഫാസ്റ്റ് കഴിക്കാൻ പോകുന്ന നേരത്ത് അവനോട് ഞാൻ ചോദിച്ചു...
എടാ...മഹ്‌റൂഫേ...ഇന്നലെ രാത്രി പത്ത് മിസ്സ് കോൾ വന്നു എന്റെ ഫോണിലേക്ക്...അതും ലാൻഡ്‌ഫോണിന്ന്..
എവിടെ നോക്കട്ടെ....നമ്പർ കണ്ടതും അവൻ ചിരിക്കാൻ തുടങ്ങി...
എനിക്കാണേൽ കാര്യം അറിയാത്തത് കൊണ്ട് നല്ല ദേഷ്യം വന്നു...നീ കാര്യം പറ ഹംകെ...
എടാ അതെന്റെ കസിൻ സിസ്റ്ററാ...ശബാന..ഒരിക്കൽ നിന്നെ കാണണമെന്ന് എന്റെ ഉമ്മിച്ചി പറഞ്ഞപ്പോൾ ഞാൻ നിന്റെ ഫോട്ടോ അയച്ചു കൊടുത്തില്ലേ...അത് എന്റെ വീട്ടിൽ നിന്ന് ശബാന പൊക്കി...അവളെന്നോട് നിന്നെ കുറിച്ച് ചോദിച്ചപ്പോൾ ഞാനെല്ലാം പറഞ്ഞു....
ങേ...എന്ത് പറഞ്ഞു?
നിന്റെ കൈയ്യിൽ ഒരുപാട് പണമൊന്നും ഇല്ലെങ്കിലും മറ്റുള്ളവരെ സഹായിക്കുന്ന നിന്റെ മനസ്സിനെ പറ്റി..എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നപ്പോൾ എനിക്കും എന്റെ അനിയനും ജോലി തന്നതും എന്റെ പെങ്ങളുടെ വിവാഹത്തിന് ഒരുപാട് സഹായങ്ങൾ ചെയ്തതും അങ്ങനെ എല്ലാം....
ഇതൊക്കെ എന്തിനാ നീ ഓളോട് പറഞ്ഞത്...ഞാൻ അതൊരു ഇക്കാന്റെ സ്ഥാനത്ത് നിന്ന് ചെയ്‌തു എന്ന് ഉള്ളു...അല്ലാതെ.........
അതെനിക്കറിയാ സൽമു..നിനക്ക് ഈ നന്ദി പറച്ചിൽ ഒന്നും ഇഷ്ട്ടമല്ലെന്ന്...അവൾക്ക് ഞാനാ നിന്റെ നമ്പർ കൊടുത്തത്...നിന്നെ കുറിച്ച് അറിഞ്ഞപ്പോൾ നിന്നോടൊന്ന് സംസാരിക്കണമെന്ന് അവൾ പറഞ്ഞു അതാ...നല്ല കുട്ടിയാടാ അവൾ...
അത് പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ശബാനയുടെ കോൾ വന്നു..
നീ ഫോൺ എടുക്കു സൽമു.....
ഹലോ....
ഹലോ ഇക്കാ...ഇത് ഞാനാ ശാബാന...മഹ്‌റൂഫിന്റെ കസിൻ സിസ്റ്റർ ആണ്...ഒന്ന് സംസാരിക്കണമെന്ന് തോന്നി അതാ വിളിച്ചത്..ബുദ്ധിമുട്ടായോ?
ഹേയ്...ഇല്ല...അവൻ പറഞ്ഞിരുന്നു നിന്നെ കുറിച്ച്..സുഖാണോ?
അതെ...അൽഹംദുലില്ലാഹ്...സുഖമായി ഇരിക്കുന്നു...
ഞാൻ കുറച്ച് കഴിഞ് വിളിക്കാം എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു...അപ്രതീക്ഷിതമായി എന്നിലേക്ക് കടന്ന് വന്ന അവൾ പിന്നെയെന്റെ ജീവന്റെ താളമാകുമെന്ന് ഒരിക്കലും ഞാനറിഞ്ഞില്ല...
ഒരുപാട് സംസാരിക്കുമായിരുന്നു അവൾ...ഒരുപാട് തമാശ പറയുമായിരുന്നു...എനിക്കൊരു പനി വന്നാൽ പോലും ഒരുപാട് കെയർ ചെയ്യുമായിരുന്നു...കുറച്ച് കാലം കൊണ്ട് എന്റെ ഇഷ്ട്ടങ്ങൾ എല്ലാം അവൾ മനസ്സിലാക്കി...സ്വപ്നങ്ങളില്ലാതിരുന്ന എന്റെ ജീവിതത്തിൽ സ്വപ്നങ്ങൾ വിരുന്നു വരാൻ തുടങ്ങി..ഇന്ന് വരെ കാണാത്ത ഒരാളെ ജീവനെ പോലെ സ്‌നേഹിക്കാൻ കഴിയുമെന്ന് ഞാൻ പഠിച്ചതു് അവളിലൂടെ ആയിരുന്നു...അവളോടൊപ്പമുള്ള ജീവിതം സ്വപ്‌നം കണ്ട് ജീവിക്കുകയായിരുന്നു ഞാൻ...എന്തിനും ഏതിനും കൂടെ താങ്ങായി തണലായി നിൽക്കുന്ന പെണ്ണായിരുന്നു അവൾ..അതുപോലൊരു പെണ്ണിനെ ഏതൊരാണും ആഗ്രഹിച്ചു പോവില്ലേ...അവളെ ഒരു നോക്ക് കാണാനായി തള്ളി നീക്കുന്ന ദിവസങ്ങൾ മാത്രമായി എന്റെ ജീവിതം....
അങ്ങനെ പ്രതീക്ഷകളോടെ ദിവസങ്ങൾ തള്ളി നീക്കുന്ന നേരത്താണ് ഇക്കാന്റെ കോൾ വന്നത്...എന്റെ ഗൾഫിലേക്കുള്ള വിസ ശരിയായി...അഞ്ചു ദിവസത്തിനുള്ളിൽ നാട്ടിലേക്ക് വരണമെന്ന് പറഞ്ഞു...അന്ന് തന്നെ ബാംഗ്ലൂരിന്റെ മണ്ണിൽ നിന്ന് ഞാൻ നാട്ടിലേക്ക് യാത്രയായി...കൂടെ എന്റെ പ്രിയപ്പെട്ടവർക്കായി ഒരു ഗിഫ്റ്റും വാങ്ങിച്ചു...എന്റെ ജീവനേക്കാൾ വിലയുണ്ടായിരുന്നു ആദ്യമായി ഞാനവൾക്കു വാങ്ങിയ ആ ഗിഫ്റ്റിന്..
നാട്ടിൽ എത്തിയത് ശനിയാഴ്ച്ച ആയത് കൊണ്ട് അവൾക്ക് കോളേജ് ഒഴിവായിരുന്നു...ഞാൻ സൺഡേ മഹ്‌റൂഫിന്റെ വീട്ടിൽ ഉണ്ടാവും...അവിടെ വെച്ച് കാണാം എന്ന് ഞാനവളോട് പറഞ്ഞപ്പോൾ ഫോണിന്റെ മറു തലക്കൽ നിന്ന് പ്രിയപ്പെട്ടവനായി കാത്തിരിക്കുന്നവളുടെ പുഞ്ചിരി ഞാൻ കേട്ടു.....ഒരു ദിവസത്തിന് ഇത്രയും ദൈർഘ്യമുണ്ടെന്നു ഞാനന്നാണ് അറിഞ്ഞത്...
പിറ്റേ ദിവസം വീട്ടിൽ ഒരു ഫങ്ഷൻ ഉണ്ടായത് കൊണ്ട് മഹ്‌റൂഫിന്റെ വീട്ടിൽ എത്തിയപ്പോൾ വൈകിട്ട് ആറ് മണിയായി...ഓന്റെ ഉമ്മാനോട് വിശേഷങ്ങളൊക്കെ പറഞ്ഞു ഇരിക്കുമ്പോഴും എന്റെ കണ്ണുകൾ ശബാനയെ തിരയുകയായിരുന്നു...
"ഒരുത്തി മോനെയും കാത്ത് രാവിലെ മുതൽ ഇവിടെ ഇരിപ്പുണ്ടായിരുന്നു...മോൻ വരുന്നതിന് തൊട്ട് മുൻപാ അവൾ പോയത്"..
അത് കേട്ടപ്പോൾ അറിയാതെ മനസ്സൊന്ന് പിടഞ്ഞു...മഹ്‌റൂഫിന്റെ ഉമ്മയോട് യാത്ര പറഞ് അവിടുന്നിറങ്ങി...വീട്ടിലെത്തിയപ്പോൾ തന്നെ ഞാൻ ശബാനക്ക് കോൾ ചെയ്തു...
"സോറി ഷാബി...വരാൻ വൈകി..നീയെന്നെ കാത്തിരുന്ന് മുഷിഞ്ഞല്ലേ"...
"ഇല്ല ഇക്ക...ചെറിയൊരു വിഷമം ഉണ്ടായിരുന്നു...പക്ഷെ ഇക്കയെ കാത്തിരുന്ന ഓരോ നിമിഷവും ഞാനറിഞ്ഞു ഞാനെത്ര മാത്രം ഇക്കാനെ സ്‌നേഹിക്കുന്നുണ്ട് എന്ന്...ഇക്കാനെ കണ്ണ് നിറയെ ഒന്ന് കാണാൻ മനസ്സ് വല്ലാതെ കൊതിക്കുന്നുണ്ട്".......
അത് കേട്ടപ്പോഴെന്റെ മനസ്സ് നിറഞ്ഞു...നമ്മൾ സ്‌നേഹിക്കുന്നവർ നമുക്ക് വേണ്ടി ഇങ്ങനെ കാത്തിരിക്കുന്നത് അറിയുമ്പോൾ തന്നെ അറിയാതെ ജീവിതത്തെയും നമ്മൾ പ്രണയിച്ച് പോകും....
"ഷാബി...നാളെ ഞാൻ മരിച്ചിട്ടില്ലെങ്കിൽ ഞാൻ നിനക്കായ് വന്നിരിക്കും..നാളെ നിന്റെ കോളേജിൽ നിന്നെയും കാത്ത് ഞാനുണ്ടാവും"...
പിറ്റേന്ന് കാലത്ത് തന്നെ എന്റെ ഫ്രണ്ട് സിദ്ധിയെയും കൂട്ടി അറബിക് കോളേജിന്റെ വരാന്തയിലൂടെ നടപ്പ് തുടങ്ങി...ഓരോ പെൺകുട്ടിയെ കാണുപോഴും അവരെ ചൂണ്ടിക്കാട്ടി "ദേ ശബാന" എന്ന് പറഞ്ഞു സിദ്ധി എന്നെ വട്ടം കറക്കിക്കൊണ്ടിരുന്നു...
അങ്ങനെ നടന്ന് ചെരുപ്പ് തേഞ്ഞപ്പോൾ ഞാനും സിദ്ധിയും കൂടി കോളേജ് ഗ്രൗണ്ടിലെ തണൽ മരത്തിന് താഴെ അവൾക്കായി കാത്തിരുന്നു...
ശരിയാണ് അവൾ പറഞ്ഞത് പ്രിയപ്പെട്ടവർക്ക് വേണ്ടിയുള്ള കാത്തിരിപ്പിന് വല്ലാത്തോരു സുഖമാണ്..
"സൽമു...ന്താ ഇവിടൊരു ചുറ്റിക്കളി"...
ശബ്ദം കേട്ട് തിരിഞ് നോക്കിയപ്പോഴാ കാണുന്നത് എന്റെ നാട്ടിലെ പയ്യൻ "അറഫ" ആയിരുന്നു അത്..അവനവിടെയാണ് പഠിക്കുന്നതെന്നു അവന്റെ യൂണിഫോം കണ്ടപ്പോൾ മനസ്സിലായി.....
"അല്ലാ...ശബാനയെ കണ്ടോ സൽമു?"
ആ ചോദ്യം കേട്ടപ്പോൾ ഞാനൊന്ന് ഞെട്ടി...പടച്ചോനെ ഇത് കോളേജ് മൊത്തം പാട്ടായോ...ഒന്നും മനസ്സിലാവാതെ പകച്ചു പോയി ഞാൻ...
"നിനക്കെങ്ങനെ അറിയാം ഞാൻ അവളെ കാണാൻ വന്നതാണെന്ന്"...
"അവളെന്റെ ക്ളാസ്സ്‌മേറ്റാ...നീ കൊടുത്തയച്ച ഫോട്ടോ അവൾ ബോയ്സ് ഇല്ലാത്ത നേരത്ത് ഫ്രണ്ട്സിനെ കാണിക്കുവായിരുന്നു...ആ നേരത്താ ഞാനങ്ങോട്ട് ചെന്നത്...നോക്കിയപ്പോൾ നിന്റെ ഫോട്ടോ...നിന്നെ എനിക്കറിയാമെന്ന് പറഞ്ഞപ്പോൾ അവളും ഷോക്ക് ആയി"...
എങ്കിൽ നീ ഇങ്ങനെ മിഴിച്ചു നിൽക്കാതെ അവളെയും കൂട്ടി വാ...എന്ന് പറഞ്ഞു അറഫയെ ക്ലാസ്സിലേക്ക് പറഞ്ഞു വിട്ടു
കുറച്ച് കഴിഞ്ഞപ്പോൾ അറഫ അവളെയും കൂട്ടി വന്നു....
സുറുമയിട്ട കണ്ണുകളാൽ പർദ്ദ ധരിചൊരു പെൺകുട്ടി...നാണത്താൽ പുഞ്ചിരിച്ചെന്റെ അരികിലവൾ വന്നപ്പോൾ ഇന്ന് വരെ അനുഭവിക്കാത്ത ഒരു ഫീൽ...അതെങ്ങനെ വിവരിക്കും എന്നെനിക്കറിയില്ല.. ഇന്നോളം എന്റെ കണ്ണിൽ ഞാൻ ഇത്ര സുന്ദരമായതൊന്നും ഞാൻ കണ്ടിട്ടില്ല...
എന്ത് പറയണമെന്ന് പോലും അറിയാതെ നിന്ന് പോയി കുറച്ച് നേരം...തണൽ മരത്തിനരികിലുള്ള സീറ്റിൽ ഇരുന്നു ഞങ്ങൾ രണ്ടാളും...ആദ്യമൊരു നാണമൊക്കെ ഉണ്ടായിരുന്നെങ്കിലും ഞാൻ സംസാരിച്ചു തുടങ്ങിയപ്പോൾ അവൾ ഫോണിൽ സംസാരിക്കുന്നത് പോലെ ഓരോ വിശേഷങ്ങളിങ്ങനെ പറഞ്ഞുകൊണ്ടിരുന്നു...ഞാനവളുടെ ആ സംസാരമൊന്നും കേട്ടില്ല...അവളുടെ ഇടക്കുള്ള ചിരിയും തിളക്കമുള്ള ആ കണ്ണുകളുമൊക്കെ കണ്ണ് നിറച്ച് നോക്കി ഇരുന്നു....
"ന്താ ഇക്കാ...ഇങ്ങനെ നോക്കുന്നെ"....പുഞ്ചിരിച്ചു കൊണ്ടവൾ ചോദിച്ചു...
ഒന്നുമില്ല പെണ്ണെ...നിന്നെ നോക്കിയിരുന്നിട്ട് കണ്ണെടുക്കാൻ തോന്നുന്നില്ല...ഇപ്പൊ എന്റെ സ്വപ്‌നങ്ങൾക്ക് ഒന്നുകൂടി നിറം കൂടിയ പോലെ തോന്നുന്നു....
നാണം കൊണ്ടവളുടെ കവിൾ തുടുത്തത് ഞാൻ കണ്ടു...പെട്ടന്നവൾ ചോദിച്ചു...
ന്താ ഇക്കാടെ കൈയ്യിലൊരു പൊതി?
ഹാ..പറഞ്ഞപോലെ ഞാനത് മറന്നു..നിനക്കായി വാങ്ങിയതാണ്...നിനക്കിഷ്ട്ടാവുമോ എന്നറിയില്ല...എന്നാലും തുറന്ന് നോക്ക്...
വാങ്ങാനായി അവൾ കൈ നീട്ടിയതും പുറകിൽ നിന്ന് ആരോ അവളെ വിളിച്ചു..
അവളുടെ ക്ലാസ്സ് ടീച്ചർ ആയിരുന്നു അത്
"ശബാന...എന്താ ഇത്?ക്ലാസ്സ് ഉള്ള നേരത്ത് ഇവിടെ..ഓഫീസിലേക്ക് വാ...
ഓഫീസിലേക്ക് വാ...
മറുപടി പറയാനാവാതെ ടീച്ചറോടൊപ്പം അവളും നിറ കണ്ണുകളോടെ അവൾ നടന്നു നീങ്ങി....
എന്ത് ചെയ്യണമെന്നറിയാതെ ഞാനും സിദ്ധിയും അവിടെ തന്നെയിരുന്നു..കൂടെ അറഫയും ഉണ്ടായിരുന്നു..
"അയ്യോ...അവളുടെ ഉപ്പ"...അറഫ കാറിൽ വന്നിറങ്ങിയ ഒരാളെ ചൂണ്ടി കാണിച്ചിട്ട് എന്നോടായ് പറഞ്ഞു...ഞാനാകെ തളർന്ന് പോയി..ഭയം കൊണ്ടല്ല...അവൾ ഞാൻ കാരണം ടീച്ചറുടെയും വീട്ടുകാരുടെയും മുന്നിൽ തല താഴ്‌ത്തേണ്ടി വന്നതോർത്തിട്ടു...കുറച്ച് സമയത്തിന് ശേഷം ഓൾടെ ഉപ്പ അവളെ കൈയ്യിൽ ബലമായി പിടിച്ച് വലിച്ച് കൊണ്ട് വരുന്നതാണ് കണ്ടത്...അത് നോക്കി നിക്കാൻ എനിക്കായില്ല...ഞാൻ വേഗം അങ്ങോട്ട് ചെന്ന് അവളുടെ ഉപ്പയോട് പറഞ്ഞു.......
"ഇക്കാ...അവളൊരു തെറ്റും ചെയ്തിട്ടില്ല...ഞാനാ അവളെ വിളിച്ച് വരുത്തിയത്".....
"എടാ നിനക്കെന്റെ മോളെ മാത്രേ കിട്ടിയുള്ളോ...പെൺമക്കളെ മര്യാദക്കൊന്ന് വളർത്താനും നീയൊന്നും സമ്മതിക്കില്ലല്ലേ" എന്ന് പറഞ്ഞു അയാളെന്നെ തള്ളാനായി കൈ പൊക്കിയതും അതിനെ തടഞ്ഞു കൊണ്ട് ശബാന പറഞ്ഞു....
"ഉപ്പാ...വേണ്ട...എന്റെ ഭാഗത്താണ് തെറ്റ്..ഞാനാണ് സൽമുവിന്റെ ജീവിതത്തിലേക്ക് കയറി ചെന്നത്...ഇക്കായെ ഒന്നും ചെയ്യരുത്"...
പറഞ്ഞു തീരും മുന്നേ അവളുടെ കവിളിൽ അയാളുടെ കൈകൾ പതിച്ചിരുന്നു..അതെന്നെക്കൊണ്ട് കണ്ട് നിൽക്കാനായില്ല...അവളോടുള്ള പ്രണയമെന്നെ ഒരു നിമിഷം ഭ്രാന്തനാക്കി...ഞാൻ അവളുടെ വാപ്പയുടെ ഷോൾഡറിൽ കേറി പിടിച്ചു...പെട്ടെന്ന് സിദ്ധിയും അറഫയും ചേർന്നെന്നെ പിടിച്ചു മാറ്റി..അവളെ എന്റെ കൺമുന്നിൽ നിന്ന് കൊണ്ട് പോകുന്നത് ഹൃദയം നുറുങ്ങുന്ന വേദനയോടെ നോക്കി നിൽക്കാനേ എനിക്കായുള്ളു...ആദ്യമായ് എന്റെ കണ്ണ് നിറഞ്ഞതെന്റെ പ്രിയപ്പെട്ടവളെ എന്നിൽ നിന്നടർത്തി മാറിയപ്പോഴാണ്......
പിറ്റേന്ന് അവളുടെ വീട്ടിൽ ചെന്ന് ഒരുപാട് ഞാൻ സംസാരിച്ചു...ഇന്നലെ നടന്ന പ്രശ്‌നങ്ങൾക്ക് മാപ്പ് പറഞ്ഞു...ശബാനയെ വിവാഹം കഴിക്കാനുള്ള ആഗ്രഹം പറഞ്ഞപ്പോൾ എനിക്ക് കിട്ടിയ മറുപടി അവൾക്ക് ഒരു എഞ്ചിനീയർ പയ്യന്റെ ആലോചന വന്ന് നിൽക്കുന്നുണ്ട്...അതുമായി മുന്നോട്ടു പോകാനാണ് ഞങ്ങളുടെ തീരുമാനം...നീ ഗൾഫിൽ പോയി രക്ഷപ്പെട്ട് വന്ന് വേറെ പെൺപിള്ളേരെ കെട്ടിയാൽ മതി...ഇനി ഈ പടി കേറി പോകരുത് എന്നായിരുന്നു......
ഗൾഫിൽ പോകാൻ രണ്ട് ദിനം മാത്രം ഭാക്കി നിൽക്കുമ്പോൾ ഞാൻ എന്നെ കൊണ്ടാവുന്നതു പോലെ എല്ലാം ചെയ്തു...ഒരു നോക്ക് കാണാൻ പോലുമെനിക്കായില്ല...വിളിച്ചിട്ട് കിട്ടുന്നുമില്ല...ഈ രണ്ട് ദിവസം ഞാനവളുടെ ഉപ്പയോട് ഒരുപാടപേക്ഷിച്ച്....തിരിച്ചു ഗൾഫിലേക്ക് പോകേണ്ടെന്നു കരുതിയെങ്കിലും സഹോദരിമാരുടെ വിവാഹവും വീട്ടിലെ ബുദ്ധിമുട്ടുകളും എന്നെ ഗൾഫിൽ പോകാൻ നിർബന്ധിതനാക്കി....പോകും നേരവും ഞാൻ നെഞ്ചോടടുക്കി പിടിച്ചിരുന്നു അവൾക്കായി വാങ്ങിയ ആ സമ്മാന പൊതി..
ഒടുവിൽ ഞാൻ ദുബായിയുടെ മണ്ണിലേക്ക് വന്നെത്തി...അവിടെ വെച്ച് എന്നും ഞാൻ മഹ്‌റൂഫിനെ വിളിച്ച് നോക്കുമായിരുന്നു...ഫലം നിരാശ മാത്രമായിരുന്നു...നാട്ടിൽ സുഹൃത്തുക്കളെ വിളിച്ച് അന്വേഷിക്കുമ്പോഴും ശബാന പഠിക്കാൻ പോകുന്നില്ല എന്ന വിവരമാണ് കിട്ടിയത്...ഈ മരുഭൂമിയിൽ അലയുമ്പോഴും അവളുടെ ഓർമകളായിരുന്നു മനസ്സിന് ആശ്വാസം നൽകിയത്...കുറെ നാളുകൾക്ക് ശേഷം മഹ്‌റൂഫ് ദുബായിയിൽ എത്തിയത് ഞാനറിഞ്ഞു...അവനെ തേടി പിടിച്ച് കാര്യങ്ങൾ ചോദിച്ചപ്പോൾ അവനൊഴിഞ്ഞു മാറി...നിച്ഛയം കഴിഞ്ഞെന്നും മഹ്‌റൂഫുമായി അവളുടെ വാപ്പ ഇപ്പോൾ അധികം സംസാരിക്കാറില്ല എന്നുമായിരുന്നു മറുപടി...പയ്യെ പ്രതീക്ഷകൾ ഇല്ലാതായി തുടങ്ങിയത് ഞാനറിഞ്ഞു...
ജീവിതത്തിൽ ഇനിയുമൊരുപാട് ദൂരം സഞ്ചരിക്കാരിക്കാനുണ്ട്...കൂട്ടിനായ് പ്രാരാബ്ധങ്ങളും പ്രയാസങ്ങളും...അതിനിടയിൽ സ്വന്തം സ്വപ്‌നങ്ങളെ മനസ്സിൽ കുഴിച്ച് മൂടേണ്ടി വന്നു എനിക്ക്...പല രാത്രികളിലും ഓർമകളെന്റെ കണ്ണ് നിറച്ചു..ഉറക്കം നഷ്ട്ടപ്പെട്ട ഓരോ രാത്രികളുമെന്നോട് പറഞ്ഞു തന്നു ഞാനെത്ര മാത്രം അവളുടെ ആത്മാവുമായി അലിഞ്ഞു ചേർന്നിരുന്നു എന്ന്...പതിയെ എല്ലാ ഓർമ്മകളെയും മറവിക്ക് വിട്ട് കൊടുത്ത് ഞാൻ നടന്ന് നീങ്ങി...ഇന്നിതാ വീണ്ടുമെന്റെ ഖൽബിനുള്ളിലെ ആ പഴയ കാമുകൻ ഓർമകളുമായി തിരികെ എത്തിയിരിക്കുന്നു...ഇന്നും ആ ഓർമകളെന്നെ വേദനിപ്പിക്കുന്നുണ്ട്....അറിയില്ല എനിക്ക് ഒരു കളിയായ് പോലും അവളെന്നെ ഓർക്കുന്നുണ്ടോ എന്ന്..
എങ്കിലും അവളെ കുറിച്ചറിയാൻ ഇന്നും എന്റെ മനസ്സ് കൊതിക്കുന്നുണ്ട്...നഷ്ട്ടങ്ങൾ അല്ലെങ്കിലും എന്നും നമ്മുടെ പ്രിയപ്പെട്ട ഇഷ്ട്ടങ്ങളായിരിക്കുമല്ലോ...എവിടെ ആയാലും സന്തോഷമായി ഇരിക്കട്ടെ...അത്ര മാത്രമേ ഞാനാഗ്രഹിക്കുന്നുള്ളു...
അവളുടെ കല്യാണത്തിനായി മഹ്‌റൂഫ് ഇന്ന് വൈകിട്ട് നാട്ടിലേക്ക് പോവുകയാണ്...യാത്ര അയക്കാനായ് ഞാനും ചെന്നു...പോകും മുൻപ് അവനോടായി ഞാൻ പറഞ്ഞു....
"മഹ്‌റൂഫ്...എനിക്കറിയാം നിനക്ക് കുറ്റബോധം ഉണ്ടായിരുന്നു എന്ന്...നീയാണല്ലോ ഞങ്ങളെ തമ്മിൽ പരിചയപ്പെടുത്തിയത്...പിന്നീട് ഞങ്ങളുടെ ജീവിതത്തിൽ നടന്നതൊക്കെ കണ്ട് നീയൊരുപാട് വേദനിച്ചു എന്നുമെനിക്കറിയാം...അതുകൊണ്ടാണ് വീണ്ടും ഞാൻ ഷാബിയെ കുറിച്ച് ചോദിച്ചപ്പോൾ എന്നെ വിഷമിപ്പിക്കാതിരിക്കാൻ എല്ലാമറിഞ്ഞിട്ടും നീ മൗനം മാത്രം നൽകിയതെന്നും എനിക്ക് മനസ്സിലായി....നീ വിഷമിക്കണ്ട..നീ കാരണമല്ല...ഇതെല്ലാം വിധി മാത്രമാണ്...പക്ഷെ നീ എനിക്കായി ഒരു സഹായം ചെയ്യണം...ഇതാ...ഈ സമ്മാനം അവൾക്കായി കൊടുക്കണം...അന്ന് അവൾക്കായി വാങ്ങിയതാണ്...എന്റെ സ്വപ്നങ്ങളെല്ലാം ഇതിലുണ്ടായിരുന്നു...ഇപ്പോൾ ഓർമ്മകൾ മാത്രമായി".........
പെട്ടെന്നെന്നെ മഹ്‌റൂഫ് കെട്ടി പിടിച്ച് കൊണ്ട് പൊട്ടിക്കരഞ്ഞു...
"സൽമു..ക്ഷമിക്കടാ..നീ പോയതിൽ പിന്നെ എന്റെ ഷാബി മോൾ ചിരിച്ചിട്ടില്ല...ഉപ്പയുടെ തല്ല് കൊള്ളാത്തതൊരു ദിവസം അവൾക്കുണ്ടായിരുന്നില്ല...പഠനം പോലുമവൾ ഉപേക്ഷിച്ച് സൽമു..അവളുടെ വാപ്പാനോട് കുറെ ഞാൻ പറഞ്ഞു നോക്കിയതാണ്...വിവാഹവും ജീവിതവും വേണ്ടെന്നു പറഞ്ഞു ജീവിക്കായിരുന്നു ആ പാവം പെണ്ണ്..പക്ഷെ അവളുടെ ഉമ്മ കിടപ്പിലാണ്..ആ ഉമ്മാന്റെ ആഗ്രഹത്തിന് വേണ്ടിയാണവൾ ഇന്ന് മറ്റൊരുവന്റെ പെണ്ണാവാൻ പോകുന്നത്"...എനിക്കൊന്നും ചെയ്യാനായില്ല സൽമു...എന്നോട് ക്ഷമിക്കടാ...
"എനിക്ക് വിഷമമൊന്നും ഇല്ല...നീ ഈ സമ്മാനം അവൾക്ക് കൊടുക്കണം..ഇന്നുമെന്റെ പ്രാർത്ഥന അവളോടൊപ്പമുണ്ടെന്നു പറയണം...ഞാൻ പോവാ...ഷോപ്പിൽ കുറച്ച് പണി ബാക്കിയുണ്ട്"...
സുഖമുള്ള ആ നുണ പറഞ്ഞു തിരികെ നടന്നപ്പോൾ മനസ്സുരുകി പ്രാർത്ഥിച്ചു പോയി...ഇനിയൊരു ജന്മമുണ്ടെങ്കിൽ അവളെന്റെ പെണ്ണായ് ജനിക്കണം...കണ്ട് കൊതി തീരാത്ത ആ മുഖം മരിക്കുവോളം അരികിൽ വേണം...ഒരുമിച്ച് ജീവിക്കാൻ വിധിയില്ലാത്തവർ ഒരിക്കലും കണ്ടുമുട്ടാതെ ഇരിക്കട്ടെ..
Comments
Post a Comment