ആമി



അവൾ പുസ്തകപ്പുഴുവാണത്രെ.....?

കൂനകൂട്ടിയപുസ്തകങ്ങളുടെ ഇടയിൽ എന്നെ നോക്കിയ ആ കണ്ണുകൾ !
അവളുടെ മൂക്കിന്റെ തുമ്പിൽ ഒളിച്ച നക്ഷത്രകൂട്ടങ്ങളുടെ തിളക്കം എന്നോട് മാത്രം എന്തോ പറയാൻ മറന്നപോലെ .
പിന്നീടുള്ള ദിവസങ്ങൾ ലൈബ്രറിയിൽ അടുക്കിവെച്ച പഴയ പുസ്തകക്കെട്ടുകൾക്കിടയിൽ ഞാൻ തിരഞ്ഞതും അവളുടെ ആ തിളക്കത്തെതന്നെയായിരുന്നു .

ന്റെ ആമി ....

അവൾക്ക് മിണ്ടാനും കേൾക്കാനും കഴിയില്ല, പിന്നെ നീ എന്തിനാണ് അവളുടെ പിറകിൽ ഇങ്ങനെ...? എന്തേ സഹതാപമാണോ !

ഇങ്ങനെ പറയുന്ന ഇവർക്ക് എന്ത് അറിയാം...അല്ലേ പെണ്ണേ ?

നിശബ്ദതയുടെ സംഗീതം !

നാളുകൾ എത്ര കഴിഞ്ഞു സഖീ... ഈ മൗനാനുരാഗം . കലാലയത്തിന്റെ കാഹളങ്ങളുടെ അവസാന നാളുകൾ എണ്ണപ്പെട്ടിരിക്കുന്നു.

ഇനി നമ്മൾ കാണുമോ...? അന്ന് നീ എന്നെയും ഞാൻ നിന്നെയും തിരിച്ചറിയുമോ ?
മറവിയുടെ നാളുകൾക്കപ്പുറം നമ്മൾ കാണുമ്പോൾ ഒരപരന്റെ നിഴലായി മാറ്റപ്പെടാതെ ഒരു പുഞ്ചിരിക്ക് സ്ഥാനം നൽകാനെങ്കിലും ഇന്ന് എന്റെ ഇഷ്ടം എനിക്ക്  നിന്നോട് പറയണം . 
ഇന്നും പുസ്തകക്കൂനയുടെ താഴെ നന്ദിതയുടെ വരികളിൽ കൈ ചേർത്ത് അവൾ അങ്ങനെ തന്നെയുണ്ട് .
എങ്ങനെ ഞാനെന്റെ ഇഷ്ടം നിന്നോട് പറയും.... ?
മാസങ്ങൾക്ക് മുൻപ് എന്റെകയ്യിൽപ്പെട്ട മാധവിക്കുട്ടിയുടെ നീർമാതളത്തിന്റെ ഇടയിൽ , ഒരു തുണ്ട് കടലാസിൽ കുറച്ചക്ഷരങ്ങൾ തുന്നിച്ചേർത്തുകൊണ്ട് ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി  . മനസിലാക്കാൻ കഴിയാത്ത അന്യ ഭാഷ ചിത്രങ്ങളെപ്പോലെ അവളുടെ അടുത്തേക്ക് ചെന്ന എന്നെ അവൾ വീണ്ടും തുറിച്ചു നോക്കിക്കൊണ്ടിക്കുന്നു . അവൾ ഒരുക്കിയ അക്ഷര മിനാരത്തിനുതാഴെ കൈയിൽ ഇരുന്ന നീർമാതളപ്പൂ  സമ്മാനിച്ചുകൊണ്ട് അവളെ നോക്കി ഒന്ന് പുഞ്ചിരി വരുത്തി . അപ്പോഴും അവളുടെ കണ്ണിൽ ഒരമ്പരപ്പ് തങ്ങിനിൽക്കുന്നത് ഞാൻ കണ്ടു.ഒരു പുഞ്ചിരിയോടെ  ലൈബ്രറിയുടെപുറത്തേക്ക് ഞാൻ നടന്നു. 

നാളെ എന്തായിരിക്കും അവളുടെ മറുപടി ? 
ഇഷ്ടമല്ല എന്ന് പറയുമോ ? 
അങ്ങനെ പറഞ്ഞാൽ ?
എല്ലാം നാളെ അല്ലെങ്കിൽ നാളെയുടെ നാളെയിൽ മാത്രം ഒതുങ്ങുന്ന ഒന്ന് .....
ഇന്നെന്റെ രാത്രി അവൾ മോഷ്ടിച്ചിരിക്കുന്നു . എന്തിനാണ് പെണ്ണേ എന്നോട് ഇങ്ങനെ? 
രാത്രിയുടെ ഏതോ നിമിഷം ഞാനും മയക്കത്തിൽ മരിച്ചുവീണു .

അടുത്തദിവസം കൂട്ടുകാരുടെ നടുവിലെ തമാശകളിൽ നിന്നും ഞാൻ അകലുന്ന പോലെ .

എന്റെ മനസ്സ് അക്ഷരക്കൂട്ടങ്ങളിൽ ഞെരിയുന്ന പോലെ . 
ഉച്ചവരെ എങ്ങനെയോ ഞാൻ തള്ളി നീക്കി . 

നല്ല വെയിൽ ...

അത്രതന്നെ ചൂടും ....

ഉച്ച കഴിഞ്ഞുള്ള ക്ലാസ്സുകൾ നിർത്തിയത്രെ...

കൂട്ടുകാരുടെ ഇടയിൽപ്പെടാതെ ഞാൻ കോളേജിന്റെ ഇടനാഴിയുടെ ഒരു കോണിൽ തന്നെ ഒതുങ്ങി . 
സമയം അഞ്ച് മണി കഴിഞ്ഞിരിക്കുന്നു .  എന്നുമുള്ള അവളുടെ സമയം....
ഇന്ന് എന്റെയും. പതിവില്ലാതെ കാലം തെറ്റി പെയ്യുന്ന മഴ പുറത്തെങ്ങും ഇടം പിടിച്ചിരിക്കുന്നു .
ലൈബ്രറി ലക്ഷ്യമാക്കി കോളജിന്റെ നടുവിലൂടെ നടക്കുമ്പോൾ മനസ്സിന്റെ വരികളുടെയിടയിൽ ഞാൻ കണ്ടത് അവളുടെ മുഖം മാത്രമായിരുന്നു . മങ്ങിയ വെട്ടം മാത്രം ഉള്ളിൽ വീണ ആ ലൈബ്രറിയിൽ ഞാൻ അവളെ തിരഞ്ഞു . അക്ഷരങ്ങളുടെ ഇടയിൽ ഒളിച്ച അവൾ ഇന്ന്  ഇവിടെയില്ല. 

എന്റെ പ്രണയത്തിന് അവൾ പകരം വീട്ടിയത് അങ്ങനെയാണ്.....
പ്രണയം...ആ വാക്കിനോടുപോലും എനിക്ക് ആദ്യമായി വെറുപ്പുതോന്നി.
നിന്നിൽ എഴുതപ്പെട്ട ലിപിയില്ലാത്ത കവിതപോലെ ഞാൻ.....
അറിയാതെ കണ്ണുകൾ നിറയുന്നു . എങ്കിലും എവിടേയോ ഒരു പ്രതീക്ഷ.  അവൾ എന്നും ഇരിക്കാറുള്ള മരവിച്ച മേശയുടെ അടുത്തേക്ക് ഞാൻ നടന്നു . ഇന്ന് ഇവിടെ അക്ഷരലോകം ഇല്ല.പകരം ഏകനായി ഒരു പുസ്തകം മേശപ്പുറത്ത് ഇടം പിടിച്ചിരിക്കുന്നു . ഞാൻ ഈ പുസ്തകം എവിടയോ കണ്ടിട്ടുണ്ട്...
ഞാൻ അവയെ കയ്യിൽ ഒതുക്കി . എനിക്ക് വേണ്ടി മടക്കപ്പെട്ട താളുകൾ പോലെ പുസ്തകം തുറന്നു തന്നു . 
വരികളിൽ ആരോ പേന കൊണ്ട് കോറിയിരിക്കുന്നു . 

"എനിക്ക് നിങ്ങളെ ഇഷ്ടമാണ്. 

" ഓ പരിഭ്രമിക്കാനൊന്നുമില്ല.
വഴിയിൽ തടഞ്ഞുനിർത്തില്ല . പ്രേമലേഖനമെഴുതില്ല . 
ഒന്നും ചെയ്യില്ല .
ഒരു ബന്ധവും സങ്കല്പിക്കാതെ... വെറുതെ..... 
എനിക്ക് നിങ്ങളെ ഇഷ്ടമാണ്..... "

മസ്സിൽ ഒരു നോവ് പടർന്നിരിക്കുന്നു . മുഖം നഷ്ടപ്പെട്ട പുസ്തകം എന്നിൽ ചേർത്ത് കൊണ്ട് ഞാൻ പുറത്തേക്ക് നടന്നു .
അങ്ങ് ദൂരെ ചുമന്ന പൂക്കൾ പ്രസവിച്ച ഗുൽമോഹറിന്റെ താഴെ അവൾ എന്നെ നോക്കി നിൽക്കുന്നത് ഞാൻ കണ്ടു . ഞാൻ അവൾക്ക് സമ്മാനിച്ച ആ തുണ്ട് കടലാസിലെ വരികൾ പോലെ...
നിന്റെ മൗനത്തിന്റെ സംഗീതം എന്നിൽ....

നനയുകയാണ് ഞാൻ . അവളുടെ മുഖമുള്ള ഈ മഴത്തുള്ളികളിൽ . 
പക്ഷേ എനിക്ക് പൊള്ളുന്നു .....

 

Comments

Popular posts from this blog

ചിതറാത്ത കണ്ണാടികൾ

ഇവിടെ തുടങ്ങുന്നു

എന്റെ തോന്നലോ