കള്ളിമുൾ ചെടി പൂക്കുന്നു


ഭാഗം 10

ഇന്ന് നിങ്ങളെ ചിരിപ്പിക്കുന്ന എന്റെ വരികളിലെ തമാശകൾ ഒരുനാൾ നിങ്ങളെ വേദനിപ്പിച്ചേക്കും

അന്ന് എന്റെ പേരിൽ ഏതെങ്കിലും എഴുത്തുകൾ വായിക്കാൻ ഇടയായാൽ നിങ്ങളറിയാതെ നിങ്ങളുടെ കണ്ണുകൾ നിറഞ്ഞേക്കും

മറ്റെന്തോ  തിരഞ്ഞു 
ചികയുന്ന   നിങ്ങളുടെ മനസ്സുകൾ   ഒരുനിമിഷം എന്റെ അക്ഷരം കണ്ടു  ചലിക്കാതെ നിന്ന് പോയേക്കും.....

ജീവിച്ചിരിക്കുമ്പോൾ ഉള്ളിലെ സ്നേഹം പുറത്ത് കാട്ടാത്തവർക്ക് ജീവിതം മടുത്തു പോയേക്കും 

പ്രണയം പറഞ്ഞപ്പോൾ നിരസിച്ചു പോയവളുടെ ഹൃദയം രക്തം ചൊരിച്ചു കൊണ്ടിരുന്നേക്കും

ഉത്തരം കിട്ടാത്ത 
ചോദ്യങ്ങളുമായി 
വീണ്ടും വീണ്ടും 
എന്നെ തേടി വന്നേക്കും 

അപ്പോഴും ഇതൊന്നുമറിയാതെ ആരെയും ഓർക്കാതെ ഞാനവിടെ മണ്ണോട് ചേർന്നിട്ടുണ്ടാകും.
 
         പാതി തുരുമ്പിച്ച ഇരുമ്പഴികൾ നിൽക്കാതെ കുലുങ്ങുന്നു. ഒരാൾ അതിന്റെയുള്ളിൽ നിന്നും അലറിവിളിക്കുന്നു. രണ്ട് പരിചാരകർ ഓടിയെത്തി. 
         പണ്ടാരം, ഇയാൾക്ക് വീണ്ടും തുടങ്ങിയോ...?? ഛീ... നിർത്തെടാ... നിർത്താൻ. ഇതിപ്പോ പൊട്ടും. ഏതോ കാലത്തുള്ളതാ.. തിന്ന് തീർന്നോ പേനേം പേപ്പറും. ഇനി ഒരു സൗര്യണ്ടാവൂല. താനാ ഡോക്ടറെ വിളിച്ചേ... ഇൻജെക്ഷൻ തരാൻ പറ. ഞാനിവന്റെ ചങ്ങലയൊന്ന് മുറുക്കട്ടെ..


              പരിചാരകരിൽ ഒരാൾ ഇഞ്ചക്ഷനുമായി വന്നു. അലർച്ച നിന്നിരിക്കുന്നു. ശരീരം തളർന്ന അയാൾ പേപ്പറുകളുടെ ഇടയിലേക്ക് വീണു. 
      ഇനി ഒരു സമാധാനം ണ്ടാവും. 

അല്ലാ എന്താ ഇയാളെ പ്രശ്നം...??

ഓ.. താനിവിടെ പുതിയതാണല്ലേ.. 
ഭ്രാന്ത്.. അല്ലാണ്ടെന്താ... അല്ല... ഇപ്പൊ ആ പേരിന് വംശനാശം സംഭവിച്ചിട്ടുണ്ടല്ലോ ല്ലേ. "സൈക്കോ". ഇയാളും  അതാണ് പ്രത്യേക തരം സൈക്കോ. പ്രേമിച്ച പെണ്ണും അമ്മയും ആത്മഹത്യ ചെയ്തത് കണ്ടിങ്ങനെയായതാ.. ഇടക്ക് തകരാറുണ്ടാവില്ല. ഇങ്ങനെ എഴുതി കൊണ്ടേ ഇരിക്കും. ഇടക്ക് ഇങ്ങനെയാണ് നമുക്ക് പണിയാ. പിച്ചും പേയും പറയുന്നത് സഹിക്കാൻ വയ്യാതെ നാട്ടുകാർ ഇവിടെ ഈ സ്നേഹ വീട്ടിൽ കൊണ്ടിട്ടു. ഇയാൾക്കായി ഉണ്ടാക്കിയ ഈ സെല്ലും.
എന്താ അയാളെഴുതുന്നത്...?? എഴുതുന്നതൊക്കെ അയാളെ തന്നെ. അയാളുടെ ജീവിതം. നല്ല ആഴത്തിലുള്ള എഴുത്താ. നമുക്കൊക്കെ മനസ്സിലാക്കാൻ പാടാ... പക്ഷേ ഇരുന്ന് വായിച്ചപ്പോൾ നല്ല ചിന്തിക്കാനുള്ള വരികൾ, പ്രയോഗങ്ങൾ. ഇടക്ക് വല്യ  വല്യ ആൾക്കാരൊക്കെ വന്നു പെറുക്കിയെടുത്തോണ്ട് പോകുന്നത് കാണാം. എവിടെയൊക്കെയോ അച്ചടിച്ചു വരാറുണ്ടത്രെ.


എല്ലാരും എതിർത്തിട്ടും ഇയാൾടെ കൂടെ ജീവിക്കാൻ ഇറങ്ങിയ പെണ്ണാ... പക്ഷേ ഒരുദിവസം തൂങ്ങി നിൽകണതാ കണ്ടത്. ആകെ പ്രശ്നങ്ങളായിരുന്നു. രണ്ടും രണ്ട് മതമാണ് ജാതിയാണ് എന്നൊക്കെ പറഞ്ഞു കൊന്ന് കെട്ടിത്തൂക്കിയതാന്നും  പറയ്ണ്ട് . അന്ന് അരപ്പിരി ഇളകി. പിന്നെ വയ്യാത്തൊരു അമ്മയുണ്ടായിരുന്നു. ഒരു ദിവസം അവരും.... അന്ന് ഫുള്ളായി. പിന്നെ ഇങ്ങനെയാണ്. ഉപദ്രവൊന്നുല്ല്യ. പക്ഷേ സൗര്യം തരൂല. അയാൾ ആ പെണ്ണ് മരിച്ചതായി ഇതുവരെ വിശ്വസിച്ചിട്ടില്ല. വേറെ കല്യാണൊക്കെ കഴിഞ്ഞ് ജീവിക്കുന്നു ന്നാ വിചാരം. കുറേ കത്തൊക്കെ എഴുതും അവൾക്ക്. ഞങ്ങൾ വായിച്ചു ചിരിക്കും. അവിഹിതത്തിനുള്ള പുറപ്പാടാണ് എന്നൊക്കെ പറഞ്ഞ്. അങ്ങനെ എന്തെങ്കിലുമൊക്കെയാവും ഇതും. എന്താചെയ്യാ മര്യാദക്കാണേൽ നല്ല എഴുത്തുകാരനൊക്കെ ആവേണ്ട ആളാ.. ഇപ്പൊ ഇതാ ഇങ്ങനെ .

ഒരാളുടെ ജനനത്തിന്റെയും മരണത്തിന്റെയും മേലുള്ള ദൈവത്തിന്റെ അപാരമായ അധികാരത്തെ ചോദ്യം ചെയ്യാൻ മനുഷ്യന് അവകാശമില്ലത്രേ... അതാണത്രേ അയാൾ ആത്മഹത്യ ചെയ്യാത്തത്. ഇനി എത്ര കാലം ഇങ്ങനെയാവോ...?? 


      "കഴിഞ്ഞ വാക്കിനെ കുറിച്ചു ചിന്തിക്കാനും അടുത്ത വാക്കിനെ പുണരാനും കഴിയാത്ത വിധത്തിൽ മനുഷ്യനെ നിശ്ചലമാക്കുന്ന മറ്റെന്താണുള്ളത്  കവിതകളില്ലാതെ".

നന്ദി.. 

Comments

Popular posts from this blog

ചിതറാത്ത കണ്ണാടികൾ

ഇവിടെ തുടങ്ങുന്നു

എന്റെ തോന്നലോ